
മാന്നാര്‍ പരുമല, ചെന്നിത്തല, മാന്നാര്‍ പ്രദേശങ്ങളിലെ നാട്ടുകാരുടേയും പോലീസിന്റെയും ഉറക്കം കെടുത്തിയ മോഷണ പരമ്പരയിലെ വില്ലനായ പ്രതി മാന്നാര്‍ പോലീസിന്റെ പിടിയില്‍.
കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മന്‍സിലില്‍ റഫീഖ് എന്ന് വിളിക്കുന്ന സതീഷ് (41) ആണ് അറസ്റ്റിലായത്.
അടൂര്‍ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് പ്രതിയെ പോലിസ് പിടികൂടിയത്.
മാന്നാര്‍, പരുമല, ചെന്നിത്തല പ്രദേശങ്ങളിലായി ഒരാഴ്ചക്കുള്ളില്‍ ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലും ഒരു ക്ഷേത്രത്തിലുമാണ് ഇയാള്‍ മോഷണം നടത്തിയത്.
ആള്‍താമസമില്ലാത്ത ഒരു വീട്ടില്‍ മേഷണത്തിന് കയറി നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളില്‍ മോഷണ ശ്രമവും നടത്തിയിരുന്നു.
കൈകളില്‍ ഗ്ലൗസ് ധരിച്ച് പിക്ആക്‌സ് ഉപയോഗിച്ച് പൂട്ടുകള്‍ പൊളിക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വികളില്‍ കാണപ്പെട്ടത്. ഇയാള്‍ ഒറ്റയ്ക്കാണ് മോഷണങ്ങള്‍ നടത്തിയതെന്നതും വ്യക്തമാണ്.
മാന്നാര്‍-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സി.സി.ടി.വികള്‍ പരിശോധിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
എല്ലായിടത്തും സമാനമായ രീതിയില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഒരാളാണെന്ന നിഗമനത്തില്‍ മാന്നാര്‍ പോലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളാണ് പ്രതിയെ വലയില്‍ വീഴ്ത്തിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി മോഷണങ്ങള്‍ നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സതീഷ്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയായ സതീഷ് നവംബര്‍ 24നാണ് ചടയമംഗലം പോലിസ് സ്‌റ്റേഷനിലെ കേസില്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയത്.
ഈ ജില്ലകളില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് മോഷണത്തിന് പദ്ധതി ഒരുക്കിയത്. മോഷണ മുതലുകള്‍ വിറ്റ് ഇയാള്‍ ആഢംബര ജീവിതമാണ് നയിച്ചു വന്നത്.
പരുമല കേന്ദ്രീകരിച്ച് വീട് വാടകയ്ക്ക് എടുത്ത് താമസമാക്കിയ ഇയാള്‍ പകല്‍ സമയങ്ങളില്‍ ക്ഷേത്രങ്ങളും വ്യാപാര കേന്ദ്രങ്ങളും നിരീക്ഷണം നടത്തും.
നായര്‍ സമാജം സ്‌കൂളിന് തെക്കുവശത്തുള്ള എം.ജി മെഡിക്കല്‍ സ്‌റ്റോര്‍, പത്മശ്രീ മെഡിക്കല്‍സ്, പ്രിയ ബേക്കറി ആന്‍ഡ് സ്‌റ്റേഷനറി, ചിലങ്ക സ്‌റ്റേഷനറി, ആമ്പിയന്‍സ്, ഒരിപ്രം പട്ടരുകാട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന നന്ദനം സ്‌റ്റോഴ്‌സ്, കുറ്റിയില്‍ ക്ഷേത്രത്തിനു സമീപത്തെ ഗീതാഞ്ജലി വീട്, കാരാഴ്മ ജങ്ഷനിലെ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍, പൂക്കട, മഹാലക്ഷ്മി ടെയ്‌ലേഴ്‌സ്, ജെബി സ്‌പോട്ട് ഷവര്‍മ ഹട്ടില്‍, മഹാലക്ഷ്മി ടെയ്‌ലേഴ്‌സ്, പുക്കട, തിക്കപ്പുഴ തിരുവാര്‍മംഗലം ശിവക്ഷേത്രം, ബേക്കറികള്‍ എന്നിവിടങ്ങളിലാണ് വ്യാപക മോഷണം നടത്തിയത്.
അറസ്റ്റിലായ പ്രതിയുമായി മോഷണം നടന്ന സ്ഥലങ്ങളില്‍ പോലിസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതിയുമായി കാരാഴ്മയില്‍ പോലിസ് എത്തിയപ്പോള്‍ പോലീസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം മാന്നാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ അഭിരാം, എസ്.ഐ ശ്രീകുമാര്‍, അഡീഷണല്‍ എസ്‌ഐമാരായ മധുസൂദനന്‍, ബിന്ദു, സിവില്‍ പോലിസ് ഓഫീസര്‍മാരായ സിദ്ധിക്ക് ഉള്‍ അക്ബര്‍, പ്രമോദ്, സാജിദ്, ഹരിപ്രസാദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.