വയനാട്▪️ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വയനാട്ടിലെ വിവിധ ആദിവാസി ഊരുകളില്‍ രൂപം കൊടുത്ത വായനാ കൂട്ടായ്മയിലെ കുട്ടികള്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും നെല്‍ വിത്തു സംരക്ഷകനുമായ ചെറുവയല്‍ രാമനുമായി സംവദിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥ മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചെറുവയലും നൂറ് മേനിയും’, ജോയി പാലക്കാമൂല എഴുതിയ ‘ചെറുവയല്‍ രാമന്‍ കൃഷിയും ചിന്തയും’ എന്നീ പുസ്തകങ്ങള്‍ കുട്ടികള്‍ വായിച്ചു ആസ്വാദനം അവതരിപ്പിച്ചു.
ചോദ്യങ്ങള്‍ ചോദിച്ചു. കൃഷി അറിവുകള്‍ പങ്കുവച്ചു. കൃഷി സ്ഥലം സന്ദര്‍ശിച്ചു പുതിയ അറിവുകള്‍ നേടി. നാടന്‍ പാട്ടും കളികളുമായി ‘ചെറുവയല്‍ രാമനോടൊപ്പം ഒരു ദിവസം ‘എന്ന പുതുമയാര്‍ന്ന പരിപാടി എഴുത്തുകാരന്‍ ജോയി പാലയ്ക്കാമൂല കന്മയിലുള്ള രാമേട്ടന്റെ ഭവനാങ്കണത്തില്‍ ഉത്ഘാടനം ചെയ്തു.
റവ. സുജിന്‍ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകന്‍ എച്ചോം ഗോപി മുഖ്യ സന്ദേശം നല്‍കി.
ഇസാഫ് ഫൗണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹിമവര്‍ഷ കാര്‍ത്തികേയന്‍ ആശംസ അര്‍പ്പിച്ച പരിപാടി ഉന്‍മേഷ് വൈ. ഡേവിഡ് നേതൃത്വം നല്‍കി. സ്റ്റീഫന്‍സണ്‍ ജേക്കബ്, ആലീസ് ജോയി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ആദിവാസി ഊരുകളിലെ 44 കുട്ടികള്‍ പങ്കെടുത്തു.