തിരുവവന്തപുരം ▪️ കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചു.
തിരുവവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കായിക ഉച്ചകോടിയിലാണ് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.
കൊച്ചി സ്പോര്‍ട്സ് സിറ്റിക്ക് പുറമെ സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള12 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളും കെസിഎ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചു.
ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കര്‍ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റിയാണ് ഇതില്‍ പ്രധാനം.
40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോര്‍ട്സ് അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്പോര്‍ട്സ് പാര്‍ക്ക്, സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് ഫിറ്റ്നസ് സെന്റര്‍, ഇസ്പോര്‍ട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവയുള്‍ക്കൊള്ളുന്നതായിരിക്കും കൊച്ചിന് സ്പോര്‍ട്സ് സിറ്റി.
ഇതിന് പുറമെ വിവിധ ജില്ലകളിലായി മൂന്ന് ആഭ്യന്തര ക്രിക്കറ്റ് വേദികള്‍ കൂടി കെസിഎ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണവും പദ്ധതി നിര്‍ദേശങ്ങളിലുണ്ട്.
കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബായ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം 33 വര്‍ഷത്തേക്ക് നിലനിര്‍ത്താനും കെസിഎ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും.
കൊച്ചിയില്‍ നിര്‍മിക്കാന്‍ പോകുന്ന പുതിയ സ്റ്റേഡിയത്തിന്റെ പ്രാരംഭ രൂപകല്പനും ചടങ്ങില്‍ കെ സി എ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. 23 മുതല്‍ 26 വരെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹബ്ബില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ കെസിഎ എക്സിബിഷന് പവലിയനും ഒരുക്കിയിട്ടുണ്ട്.