നെടുമങ്ങാട് ▪️ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ മേല്‍ നോട്ടത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന 39ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു.
കായികമേള ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ: ജി.ആര്‍ അനില്‍ അധ്യക്ഷനായി.
പുതിയ കായിക സംസ്‌കാരം ഉയര്‍ത്തി പിടിക്കുന്ന സമൂഹം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
കായിക താരങ്ങള്‍ അണി നിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റില്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ തൃശൂര്‍ ഒന്നാം സ്ഥാനവും യഥാക്രമം ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വെസ്റ്റ്ഹില്‍ കോഴിക്കോട്, കുളത്തൂര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കായിക താരങ്ങള്‍ക്കുള്ള പ്രതിജ്ഞ ദേശീയ ഫുട്‌ബോള്‍ ടീം അംഗം സി.കെ . വിനീത് ചൊല്ലി കൊടുത്തു. നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എസ് ശ്രീജ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ: രാജശ്രീ എം.എസ്, മേളയുടെ ജനറല്‍ കണ്‍വീനര്‍ നെടുമങ്ങാട് ടിഎച്ച്എസ് സൂപ്രണ്ട് ബിന്ദു. ആര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
ശനിയും ഞായറുമായി വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. ഞായര്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെ മേളക്ക് കൊടിയിറങ്ങും. സംസ്ഥാനത്തെ 39 സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ 9 ഐഎച്ച്ആര്‍ഡി സ്‌കൂളുകള്‍ എന്നിവയില്‍ നിന്ന് ആയിരത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്നു.