ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.
നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര ഉത്തരവില്‍ കേരളത്തില്‍ നിന്നുള്ള സംഭവങ്ങളും ഇടപിടിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകം, കൈവെട്ട് കേസ്, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സഞ്ജിത്തിന്റെയും വിപിന്റെയും കൊലപാതകം തുടങ്ങിയവയാണ് ഉത്തരവില്‍ പറയുന്നത്.
2018 ജൂലായ് രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് ക്യാമ്പസില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2010 ജൂലൈ 4നായിരുന്നു മൂവാറ്റുപുഴയിലെ നിര്‍മല കോളജിനടുത്തുവച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി മതനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. കേസില്‍ എസ്.ഡി.പി.ഐ, പൊപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.
ഇതുകൂടാതെ യു.പി, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനത്തിന് ശുപാര്‍ശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി, ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു, ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.