പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളേജിനു നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടെ പത്തനംതിട്ട ജില്ലയുടെ ദീര്‍ഘകാല അഭിലാഷം പൂവണിയുകയാണ്.
100 വിദ്യാര്‍ത്ഥികള്‍ക്കു എംബിബിഎസ് പഠനം ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
എച്ച്ഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും, അതിലുപരിയായി ഒരു പൂര്‍വ്വകാല എംബിബിഎസ് വിദ്യാര്‍ത്ഥിനി എന്ന നിലയിലും ഉള്ളിലുയര്‍ന്ന ആനന്ദവും അഭിമാനവും മെഡിക്കല്‍ കോളേജ് ജീവനക്കാരുമായി പങ്കിടാന്‍ അഡ്വ. ജെനീഷ്‌കുമാര്‍ എംഎല്‍എ യോടൊപ്പം മെഡിക്കല്‍ കോളേജില്‍ എത്തി.
കോന്നി ഗവ.മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി ഉറപ്പായതോടെ കോന്നി ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ചരിത്രനേട്ടം നേടിയിരിക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമൊന്നു കൊണ്ട് മാത്രമാണ് കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായത്. യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി പണം നല്കാത്തതിനാല്‍ 2015ല്‍ കരാര്‍ കമ്പനി പണി ഉപേക്ഷിച്ച് പോയി. പിണറായി വിജയന്‍ സര്‍ക്കാരാണ് നൂറ് കോടിയിലധികം തുക കരാര്‍ കമ്പനിക്ക് നല്‍കി ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചത്.
2020 സെപ്റ്റംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.പി. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
2021 ഫെബ്രുവരി 10ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്തു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടവും, അനുബന്ധ സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രണ്ടാം ഘട്ടത്തിനായി 350 കോടിയുടെ പദ്ധതി 2021 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട നിര്‍മ്മാണം പുരോഗമിക്കുകയാണ്.
100 കുട്ടികള്‍ക്ക് എം.ബി.ബി.എസ്സ് പഠനം നടത്തുന്നതിന് ഈ വര്‍ഷം തന്നെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി പഠനം ആരംഭിക്കാന്‍ കഴിയുന്ന സാഹര്യമാണ് ഒരുങ്ങിയിട്ടുള്ളത്.
വിദ്യാര്‍ത്ഥി പ്രവേശനം പൂര്‍ത്തിയാകുന്നതോടെ ജനങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാകുന്ന നിലയില്‍ എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും, സ്‌കാനിംഗ് സൗകര്യങ്ങളുമെല്ലാം ഏര്‍പ്പെടുത്തും.