തൃശ്ശൂര്‍ ▪️ 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കുന്നംകുളം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം.
ജൂനിയര്‍ ഗേള്‍സ് മൂവായിരം മീറ്റര്‍ ഓട്ടമത്സരം ആയിരുന്നു ആദ്യ ഇനം. മത്സരത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഗോപിക ഗോപി സ്വര്‍ണം സ്വന്തമാക്കി.
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ അശ്വിനി ആര്‍ വെള്ളിയും എറണാകുളം മാര്‍ ബേസില്‍ സ്‌കൂളിന്റെ അലോണ തോമസ് വെങ്കലവും സ്വന്തമാക്കി.
ആദ്യ ദിനമായ ഇന്ന് 21 ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും.
ഇന്നലെ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് മന്ത്രി ആര്‍ ബിന്ദു മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് ദീപശിഖ കൈമാറി ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയില്‍ ആയിരത്തോളം സ്‌പോര്‍ട്‌സ് താരങ്ങള്‍ പങ്കെടുത്തു.
ആറ് കാറ്റഗറികളിലായി 3000ത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.