എറണാകുളം: കേരള എന്‍.ജി.ഒ യൂണിയന്‍ 59ാം സംസ്ഥാന സമ്മേളനത്തിന് എറണാകുളം കലൂര്‍ എ.ജെ ഹാളില്‍ ആവേശകരമായ തുടക്കം.
രാവിലെ 8.30ന് സമ്മേളന നഗരിയില്‍ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരന്‍ പതാക ഉയര്‍ത്തി.
അടിമതുല്യം ജീവിച്ച കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ അവകാശ ബോധമുളളവരാക്കി വളര്‍ത്തിയെടക്കുന്നതില്‍ സംഘടന നടത്തിയ ഉജ്ജ്വലമായ പോരാട്ടങ്ങളുടെ 59 വര്‍ഷത്തെ അനുഭവങ്ങളുമായാണ് പ്രതിനിധികള്‍ സമ്മേളനത്തില്‍ അണിചേരുന്നത്.
ആഗോള മൂലധനത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് സിവില്‍ സര്‍വ്വീസിനെ ചുരുക്കുകയും സ്വകാര്യവത്ക്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം ജനപക്ഷ വികസന നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കേരള സര്‍ക്കാരിന്റെ വികസന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ജനങ്ങളില്‍ എത്തിക്കുകയെന്ന ഉത്തരവാദിത്വവും ജീവനക്കാര്‍ക്ക് നിര്‍വഹിക്കുവാനുണ്ട്.
അതിനനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുവാനും പുതിയ പോരാട്ടങ്ങള്‍ ഏറ്റെടുക്കുവാനും ഉളള തീരുമാനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകും.
1,55,873 അംഗങ്ങളെ പ്രതിനിധികരിച്ച് 264 വനിതകള്‍ അടക്കം 860 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
2021ലെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എസ്.അജയ്കുമാര്‍ അവതരിപ്പിച്ചു.
ചര്‍ച്ചയില്‍ എ.വി.റീന (കാസറഗോഡ്) നിഷ വടവതി (കണ്ണൂര്‍) കെ. ആന്റണി ജോസഫ് (വയനാട്) സെറിന.കെ. (കോഴിക്കോട്) കെ. ഉമേഷ് (മലപ്പുറം) കെ.പി.ബിന്ദു (പാലക്കാട്) കെ.എം.ശര്‍മിള(തൃശ്ശൂര്‍) പാക്‌സണ്‍ ജോസ് (എറണാകുളം) സ്മിത.എസ് (ഇടുക്കി) വി.വി.വിമല്‍ കുമാര്‍ (കോട്ടയം) ടി.ജ്യോതി (ആലപ്പുഴ) ടി. ആര്‍ ബിജുരാജ് (പത്തനംതിട്ട) എസ്.ഷാഹീര്‍ (കൊല്ലം) എസ്.പ്രീതി (തിരുവനന്തപുരം നോര്‍ത്ത്) വി.ആര്‍ രഞ്ജിനി (തിരുവനന്തപുരം സൗത്ത് ) എന്നിവര്‍ പങ്കെടുത്തു.
ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി എ.എം.അജിത്കുമാര്‍ മറുപടി നല്‍കി. മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഐകകണ്‌ഠേന സമ്മേളനം അംഗീകരിച്ചു.
തുടര്‍ന്ന് സംസ്ഥാന ട്രഷര്‍ എന്‍.നിമല്‍രാജ് സംഘടനയുടെ വരവ് ചെലവ് കണക്കും ചാരിറ്റബില്‍ ട്രസ്റ്റിന്റെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്ക് മാനേജര്‍ വി.കെ ഷീജ അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകള്‍ സമ്മേളനം ഐകകണ്‌ഠേന അംഗീകരിച്ചു.