പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും തങ്ങള്‍ എതിര്‍ക്കുന്നു എന്നും ചെന്നിത്തല ഭാരത് ജോഡോ യാത്രക്കിടെ പ്രതികരിച്ചു.
ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെ എതിര്‍ക്കപ്പെടണമെന്ന് ചെന്നിത്തല പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആര്‍എസ്എസിനെയും നിരോധിക്കണം. ഇവിടെ വര്‍ഗീയത ആളിക്കത്തിക്കുന്ന കാര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും ഒരുപോലെ കുറ്റക്കാര് തന്നെയാണ്.
രണ്ട് പേരുടെയും സമീപനം തെറ്റാണ്. കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്ക് എതിരാണ്. വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അധികാരം നേടാനും നടത്തുന്ന എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ എതിര്‍ക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താല്‍ നേരിടുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവം ഇന്നും ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. അതുകൊണ്ട് ഏത് തരത്തിലുള്ള വര്‍ഗീയതയെയും അവസാനിപ്പിക്കണം, ചെറുക്കണം എന്ന നിലപാട് തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളത്.
ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ നിരോധിച്ചതുകൊണ്ട് മാത്രമാകുന്നില്ല. അവര് വേറൊരു പേരില്‍ വരും. കഴിഞ്ഞ തവണ സിമിയെ നിരോധിച്ചു. അപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ വന്നു.
രാജ്യത്ത് ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിന് മതേതര ശക്തികള്‍ ഒരുമിച്ച് നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.