കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ശശി തരൂര്‍. ഗാന്ധി കുടുംബം നിക്ഷ്പക്ഷരാണ്. പക്ഷേ, മറ്റ് പല നേതാക്കളും മറ്റ് രീതിയില്‍ സംസാരിച്ചു. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നും തരൂര്‍ പറഞ്ഞു. ്
നല്ല പ്രതീക്ഷയുണ്ട്. കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും കാണാന്‍ കഴിഞ്ഞില്ല. എത്താന്‍ സാധിക്കുന്നയിടത്തൊക്കെ എത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനത്തില്‍ ഞാന്‍ തന്നെ കേറി ഇറങ്ങി. ഈ 16 ദിവസത്തിനുള്ളില്‍ ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തു. ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ നേതൃത്വം തീരുമാനിക്കുന്നത്.
ഫോണില്‍ പലരും വിളിക്കുന്നുണ്ട്. പലരും നമുക്ക് വേണ്ടിയിട്ട് ആത്മാര്‍ത്ഥതയോടെ ഇറങ്ങിയിട്ടുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും. എനിക്ക് എത്ര വോട്ട് കിട്ടിയാലും അത് എല്ലാവരും ഒരുമിച്ച് ഇറങ്ങി ചെയ്ത ഒരു കാര്യമാണ്.
ഇരുപത്തിരണ്ട് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. വേറെ ഏതു പാര്‍ട്ടിയിലും തെരഞ്ഞെടുപ്പ് ഇല്ല. നമ്മുടെ പാര്‍ട്ടിയില്‍ ആദ്യത്തെ തവണ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ക്ക് ഒരു ഭയം ഉണ്ടാവുന്നതോ അല്ലെങ്കില്‍ ഒരു സ്റ്റാന്‍ഡ് എടുത്താല്‍ അതിനെ കുറിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടാകുമെന്ന് വിചാരിക്കുന്നവര് ഉണ്ടാവും. ഞാന്‍ ആരെയും കുറ്റം പറയുന്നില്ല.
ഗാന്ധി കുടുംബത്തിനെ കുറിച്ച് എനിക്ക് സംശയമൊന്നുമില്ല. അവര് തുടക്കം മുതല്‍ക്ക് നിഷ്പക്ഷമാണെന്ന് പറഞ്ഞു. വേറെ പല നേതാക്കളും വേറെ രീതിയില്‍ സംസാരിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനു തെളിവുണ്ട്. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഗാന്ധി കുടുംബത്തോട് നേരിട്ട് ചോദിച്ചവര്‍ക്ക് എല്ലാവര്‍ക്കും കിട്ടിയ മറുപടി ഞങ്ങള്‍ നിഷ്പക്ഷമാണെന്നാണ്.
പാര്‍ട്ടി എങ്ങനെ നന്നാവുന്നാണ് എന്റെ ചിന്ത. 2024ല്‍ വരാന്‍ പോകുന്ന ബിജെപി തരുന്ന വലിയൊരു വെല്ലുവിളിയാണ്. അതിനെ നേരിടാന്‍ പാര്‍ട്ടിയില്‍ ഒരു പുതിയൊരു ഊര്‍ജ്ജം ആവശ്യമുണ്ട്. ഇത് കൊണ്ടുവരാനാണ് ഞാന്‍ മത്സരിക്കുന്നത്.
ജനങ്ങളിലേക്ക് നിങ്ങള്‍ നോക്കുകയാണെങ്കില്‍ എന്റെ സന്ദേശം പബ്ലിക് കേട്ടിട്ടുണ്ട്. അവര്‍ തന്നെ പറയുന്നു ഈ പാര്‍ട്ടിയില്‍ ഇങ്ങനെ ഒരു മാറ്റം വന്നാല്‍ ഞങ്ങള്‍ വീണ്ടും പാര്‍ട്ടിയില്‍ വരും എന്ന്- തരൂര്‍ പറഞ്ഞു.