തിരുവനന്തപുരം ▪️ തോമസ് കെ. തോമസ് എംഎല്‍എക്കെതിരെ നടപടിക്ക് എന്‍സിപിയില്‍ നീക്കം.
പാര്‍ട്ടിയെ പൊതു ജനമധ്യത്തില്‍ അപമാനിച്ചു എന്ന് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ് ശശീന്ദ്രന്‍ വിഭാഗവും പി.സി ചാക്കോയും.
ഇന്നലെയാണ് ശരത്പവാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്. ഇന്ന് തന്നെ എംഎല്‍എക്കെതിരെ നടപടിയുണ്ടാവുമെന്നാണ് വിവരം. പരാതിയില്‍ ഉടന്‍ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.
തോമസ് കെ. തോമസ് എന്‍സിപിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഈ സ്ഥാനത്തുനിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്ന് തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാവും.
എന്നാല്‍ നടപടി എടുത്താലും പരാതിയില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ. തോമസ്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് തോമസ് കെ. തോമസിന്റെ നീക്കം.
തോമസ് കെ. തോമസിന്റെ വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. വധിക്കാന്‍ ശ്രമിച്ചുവെന്ന തോമസ് കെ. തോമസിന്റെ വെളിപ്പെടുത്തല്‍ ഗുരുതരമായ വിഷയമാണെന്നും പൊലീസ് അന്വേഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വധ ശ്രമത്തെ പാര്‍ട്ടിയിലെ പടലപ്പിണക്കവുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ. തോമസിന്റെ നിലപാടിനെ ശശീന്ദ്രന്‍ വിമര്‍ശിച്ചു. എന്തിനാണ് വധശ്രമത്തെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നതെന്നും പാര്‍ട്ടിയില്‍ ഈ പരാതി ഇതു വരെ ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ ആകാന്‍ തോമസ് കെ. തോമസിനെ കൊല്ലാന്‍ മാത്രം ക്രൂരന്മാര്‍ എന്‍സിപിയിലില്ല. തോമസ് കെ. തോമസ് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെ മുഖ്യശത്രുവായി കാണുകയാണ്. മനപ്പൂര്‍വ്വം പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിക്കുന്നു. തോമസ് കെ തോമസിന് പാര്‍ട്ടി നടപടിയെ കുറിച്ച് ധാരണയില്ലെന്നും പക്വതയില്ലെന്നും അദ്ദേഹം ആരോപിച്ചു.