പത്തനംതിട്ട ഇലന്തൂരില്‍ സര്‍ൈവ്വശ്വര്യ ആഭിചാര കര്‍മ്മത്തിന് സ്ത്രീകളെ എത്തിച്ച് നല്‍കിയതിനു പ്രതിഫലമായി മൂന്ന് ലക്ഷത്തോളം രൂപ ഭഗവല്‍ സിംഗില്‍ നിന്ന് ഷാഫി കൈപ്പറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
ജൂണ്‍ എട്ടിന് റോസ്‌ലിയെ ബലി നല്‍കിയെങ്കിലും മുന്‍ജന്മ പാപം തീര്‍ന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബര്‍ 26ന് പദ്മത്തെയും കുരുതി കൊടുക്കുകയായിരുന്നു ഷാഫി. മൂന്ന് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് സ്ത്രീകളെ നരബലിക്കായി എത്തിച്ചത്.
പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ മകന് കഴിഞ്ഞില്ല. റോസ് ലിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികില്‍ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.
ഇലന്തൂര്‍ നരബലി കേസില്‍ മൂന്നു പ്രതികളും അറസ്റ്റിലായെങ്കിലും തെളിവുകള്‍ പൂര്‍ണമായും പൊലീസിന് ശേഖരിക്കാന്‍ ആയിട്ടില്ല. പത്മത്തെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചില ആയുധങ്ങള്‍ കൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇത് സഞ്ചിയിലാക്കി മരത്തില്‍ കെട്ടിയിട്ടു എന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇവയില്‍ ചിലത് വീടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി. മൃതദേഹ ഭാഗങ്ങള്‍ വീടിനു മുന്നില്‍ നിന്ന് കുഴിച്ചെടുക്കുമ്പോള്‍ ശരീരം മുറിക്കാന്‍ ഉപയോഗിച്ച സിമന്റ് കട്ടകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തീരെ ചെറിയ ഭാഗങ്ങളായി മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണെന്നും ഇവ കണ്ടെത്താന്‍ ഉണ്ട് എന്നുമാണ് പൊലീസ് പറയുന്നത്. ഈ പരിശോധനകള്‍ക്ക് വേണ്ടിയാകും പൊലീസ് ഇന്ന് വീണ്ടും ഇലന്തൂരിലെ വീട്ടിലേക്ക് എത്തുക.
ഇതിനുപുറമേ മുന്‍പും ഇത്തരത്തിലെ പൂജകള്‍ക്ക് ആളുകളെ ഈ വീട്ടില്‍ എത്തിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാണ്.ഇക്കാര്യങ്ങള്‍ നിലവില്‍ ആറന്മുള പോലീസ് ആണ് അന്വേഷിക്കുന്നത്.
ഫോറന്‍സിക് സംഘവും ഇന്ന് ഇലന്തൂരിലെ വീട്ടില്‍ വീണ്ടും പരിശോധനയ്ക്ക് എത്തും എന്നാണ് സൂചന.ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ അടുത്തദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ ആറന്മുള പോലീസും തീരുമാനിച്ചിട്ടുണ്ട്.
ഇലന്തൂരിലെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം പരിശോധന നടത്തും.
മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം, ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടിക്രമങ്ങള്‍ക്കും ഇന്ന് പോലീസ് തുടക്കം കുറിക്കും. സമയബന്ധിതമായി തന്നെ ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രം കൃത്യമായി കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.