
🔸ആദ്യഘട്ടം പൂര്‍ത്തിയായത്🔸
🔹കോലാമുക്കത്ത് ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന്റെ നിര്‍മ്മാണം
🔹3.08 കിലോമീറ്റര്‍ റോ വാട്ടര്‍ പമ്പിംഗ് മെയിന്‍
🔹നികരുംപുറംത്ത് 14 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണി
🔹14.6 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി
ചെങ്ങന്നൂര്‍▪️ 199.13 കോടി രൂപ ചിലവഴിച്ച് 1.6 ലക്ഷം ആളുകള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം നാളെ (11) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
2019ല്‍ എംഎല്‍എ ആയിരുന്ന സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കിഫ്ബിയുടെ സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കുന്നത്.
ആല, പുലിയൂര്‍, ബുധനുര്‍, പാണ്ടനാട്, മുളക്കുഴ, വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലേയ്ക്കും ചെങ്ങന്നൂര്‍ നഗരസഭയ്ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മുളക്കുഴ നികിരുംപുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അഞ്ചു പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ ആദ്യ പാക്കേജാണ് പൂര്‍ത്തിയാകുന്നത്.
പമ്പാനദിയില്‍ അങ്ങാടിക്കല്‍ കോലാമുക്കത്ത് 270 കുതിരശക്തി ശേഷിയുള്ള രണ്ടു പമ്പുകള്‍ ഉപയോഗിച്ച് 3,050 മീറ്റര്‍ ദൂരം വെള്ളം പമ്പ് ചെയ്ത് മുളക്കുഴ നികരുംപുറത്ത് പണിതീര്‍ന്ന ശുദ്ധീകരണശാലയില്‍ എത്തിയ്ക്കുന്നു.
ഇവിടെ നിന്നും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും, വിവിധ പഞ്ചായത്തുകളിലുമായി സ്ഥിതി ചെയ്യുന്ന ഉന്നതതല ജല സംഭരണിയിലേയ്ക്ക് 910 കിലോമീറ്റര്‍ നീളമുള്ള വിതരണ ശ്യംഖല വഴിയാണ് കുടിവെള്ളം വിതരണത്തിനായി എത്തിക്കുന്നത്.
ആദ്യ പാക്കേജില്‍ കോലാമുക്കത്ത് ട്രാന്‍സ്‌ഫോര്‍മര്‍ റൂമിന്റെ നിര്‍മ്മാണം, 3.08 കിലോമീറ്റര്‍ റോ വാട്ടര്‍ പമ്പിംഗ് മെയിന്‍, നികിരുംപുറം ജലശുദ്ധീകരണശാലയില്‍ 14 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയുടെയും 14.6 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണിയുടെ നിര്‍മ്മാണം എന്നിവയുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു.
അത്യാധുനിക സാങ്കേതിക മികവോടെയാണ് ജലശുദ്ധീകരണ കേന്ദ്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച്. നിരവധി ഘട്ടങ്ങളായുള്ള ഫില്‍ട്ടറിങ്ങാണ് ഇവിടെ നടക്കുന്നത്. പമ്പ് ചെയ്ത് കൊണ്ടുവരുന്ന ജലത്തില്‍ നിന്ന് ഘരമാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തികളാണ് ആദ്യം നടക്കുക.
തുടര്‍ന്ന് ലൈം, ആലം തുടങ്ങിയവ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കും. മറ്റ് ജലശുദ്ധീകരണ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യാസ്തമായി ഇവിടെ സ്ഥലപരിമിതി മറികടക്കുന്നതിനായി പ്ലേറ്റ് സെറ്റ്‌ലര്‍ ക്ലാരിഫയര്‍ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഒഴുകിയെത്തുന്ന റോ വാട്ടര്‍ വളരെ വീതി കുറഞ്ഞ പ്ലേറ്റുകളിലൂടെ കടത്തിവിടും. ഇതിലൂടെ കടന്നുപോകുമ്പോള്‍ ജലത്തിലെ ഘരമാലിന്യങ്ങള്‍ ഒരു ഭാഗത്ത്. ശേഖരിക്കപ്പെടും. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം പിന്നീട് സാന്‍ഡ് ഫില്‍ട്ടര്‍ ബഡ്ഡിലൂടെ കടത്തിവിടുന്നു. വിവിധ വലിപ്പത്തിലുള്ള സാന്‍ഡ് ഫില്‍ട്ടറിങ് ബഡിന് താഴെയായാണ് റോവാട്ടര്‍ പമ്പ് ചെയ്യുന്നതിനുള്ള സുഷിരങ്ങളുള്ള പൈപ്പുകള്‍ കടന്നുപോകുന്നത്.
ഇത്തരത്തില്‍ നിരവധി ഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ട വെള്ളം അവസാന ഘട്ടത്തില്‍ ക്ലോറിനേഷനും വിധേയമാക്കപ്പെടും. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം 14 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഭൂതല സംഭരണിയിലും, 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണിയിലും ശേഖരിക്കുന്നു.
തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള വിതരണ പൈപ്പുകളിലൂടെ പുറത്തേക്ക് വിടുക. ശുദ്ധീകരിക്കപ്പെടുന്ന ജലത്തിന്റെ വിവിധ ഘട്ടങ്ങളിലെ രാസ പരിശോധനയ്ക്കായി ലാബും ഇവിടെ ഒരുക്കിയിട്ടുണ്ട്.