
കോഴിക്കോട് ▪️ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ, ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
അക്രമിയെന്ന് സംശയിക്കുന്നയാള്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പൊലീസറിയിച്ചു.
ചുവന്ന ഷര്‍ട്ടും, തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിന്‍ നിര്‍ത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.
അതിനിടെ, എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സമീപം ട്രാക്കില്‍ അക്രമിയുടെ ബാഗ് കണ്ടെത്തി. ബാഗില്‍ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.