
തൃശൂര്‍ ഓശാന തിരുനാളിനോടനുബന്ധിച്ച് മെഡിക്കല്‍ കോളേജിലെ നിര്‍ധന രോഗികള്‍ക്ക് 1,500 കൊഴുക്കട്ട വിതരണം ചെയ്ത് ‘കരുണയുടെ ദൂതന്മാര്‍’.
വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിലെ അന്‍പതോളം വീട്ടമ്മമാരാണ് കൊഴുക്കട്ടയുണ്ടാക്കിയത്. കൊഴുക്കട്ടയുടെ കൂടെ കോഴിപ്പിടി എന്നറിയപ്പെടുന്ന പലഹാരവും വിതരണം ചെയ്തു.
‘കരുണയുടെ ദൂതന്മാര്‍’ എന്ന സംഘടനയുടെ അംഗങ്ങളാണ് ആഘോഷങ്ങള്‍ക്കിടയിലും 20 വര്‍ഷമായി മുടങ്ങാതെ ഭക്ഷണം വിതരണം ചെയ്യുന്നത്. വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിലെ വികാരിയും ഇടവക ജനങ്ങളും നല്‍കുന്ന പിന്തുണയാണ് ഈ വലിയ തീരുമാനത്തിന് കരുത്ത് പകരുന്നതെന്ന് സംഘടനയുടെ സാരഥി ദേവസി ചിറ്റിലപ്പള്ളി പറഞ്ഞു.
കൊഴുക്കട്ട ആരോഗ്യം കൊഴുക്കട്ടെയെന്ന ആഗ്രഹത്തോടെ ഔഷധ ഗുണത്തോടെയാണ് പലഹാരം ഉണ്ടാക്കിയത്. തേങ്ങയും ശര്‍ക്കരയും വരട്ടി അതില്‍ ഏലക്കായും ജീരകവും ചേര്‍ത്താണ് കൊഴുക്കട്ടയുടെ ഉള്ളിലെ കൂട്ട് തയ്യാറാക്കിയത്. സംഘടനയിലെ ചെറുപ്പക്കാരും വീട്ടമ്മമാരും രാവിലെ ഏഴ് മുതലാണ് കൊഴുക്കട്ട നിര്‍മ്മാണം ആരംഭിച്ചത്.
ഓശാന ഞായറിന് കൊഴുക്കട്ടയാണെങ്കില്‍ ഈസ്റ്ററിന് ചിക്കന്‍ ബിരിയാണിയാണ് കരുണയുടെ ദൂതന്മാരുടെ സമ്മാനം. 150 കിലോ അരിയും 300 കിലോ ചിക്കനുമാണ് ഇതിനാവശ്യമായി കണക്കാക്കുന്നത്. എന്നാല്‍ ഈസ്റ്റര്‍ അടുത്തെത്തിയെങ്കിലും ഒന്നും കരുതി വെച്ചിട്ടില്ലെന്നും സംഘടന വ്യക്തമാക്കുന്നു.
സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് സംഘടന ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും ഇവര്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു.
ഭക്ഷണം വിതരണം ചെയ്യുന്നത് മാത്രമല്ല ‘കരുണയുടെ ദൂതന്മാര്‍’ ചെയ്യുന്നത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മുപ്പതോളം പേരെ ഇവര്‍ താടിയും മുടിയും വെട്ടി കുളിപ്പിക്കുകയും ചെയ്തിരുന്നു.