
ചെങ്ങന്നൂര്‍▪️ രാത്രിയില്‍ ആളില്ലാത്ത വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍.
അക്രമം നടത്തി 85 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ കളത്രമോടിയില്‍ അനന്തു വേണു (ബിനീഷ്-25)വിനെ ചെങ്ങന്നൂര്‍ സിഐ എ.സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം തകഴിയിലെ ബന്ധുവീട്ടില്‍ നിന്നും പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് രാത്രിയില്‍ ചെങ്ങന്നൂര്‍ നൂറ്റവന്‍പാറ വടക്കേചരുവില്‍ എന്‍.ബാലകൃഷ്ണ (65)ന്റെ വീട്ടിലാണ് അക്രമി അഴിഞ്ഞാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയത്.
ടി.വി, ഡിഷ് ആന്റിന, ഫാന്‍, വൈദ്യുതി മീറ്റര്‍ എന്നിവയും വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു. ഈ സമയം വീട്ടുടമ സ്ഥലത്തുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം കാന്‍സര്‍ രോഗിയായ ബാലന്‍ ഒറ്റയ്ക്കായിരുന്നു താമസം.
പരസഹായം ആവശ്യമുള്ളതിനാല്‍ സഹോദരങ്ങളുടെ വീടുകളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു. അന്നു രാത്രി അല്പം അകലെയുള്ള സഹോദരിയുടെ വീട്ടില്‍ ആയിരുന്നു ബാലന്‍. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.
വീടിന്റെ പുറം ഭിത്തിയിലെ വൈദ്യുതി മീറ്റര്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. കൂടുതല്‍ പരിശോധനയില്‍ വീടിന്റെ പുറകുവശത്തെ വാതിലിന്റെ കതക് ഇളക്കി മാറ്റിയ നിലയിലും അടുക്കളയിലുണ്ടായിരുന്ന സകല പാത്രങ്ങളുംഅകത്തെ മുറിയിലുണ്ടായിരുന്ന ടി.വി, ടേബിള്‍ ഫാന്‍ എന്നിവയും തകര്‍ത്തിരുന്നു.
കോണ്‍ക്രീറ്റ് വീടിനു മുകളിലായിരുന്ന ഡിഷ് ആന്റിന വളച്ചൊടിച്ച് മടക്കിയിരിക്കുന്നു. കേബിളും നശിപ്പിച്ചിരുന്നു.
തൊണ്ടയില്‍ കാന്‍സര്‍ രോഗം ഗുരതരമായതോടെ സംസാരശേഷി പോലുമില്ലാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലകൃഷ്ണന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് മരിച്ചു.
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മുങ്ങി നടന്നതിനാല്‍ പോലീസിന്റെ തുടര്‍ അന്വേഷണവും വഴി മുട്ടിയിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സിഐ എ.സി വിപിന്‍, എസ്‌ഐ എം.സി അഭിലാഷ്, സീനിയര്‍ സിപിഒ ശ്രീകുമാര്‍, സിപിഒ സ്വരാജ് എന്നിവരുടെ സംഘം തകഴിയിലെത്തി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.