വനിതാ ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് 104 റണ്‍സ് വിജയം. ഇന്ത്യ മുന്നോട്ടുവച്ച 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുഎഇയ്ക്ക് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ഇന്ത്യക്കായി 75 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് കളിയിലെ താരം. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇയ്ക്ക് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. തീര്‍ത്ഥ സതീഷ് റണ്ണൗട്ടാവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍. രാജേശ്വരി ഗെയ്ക്വാദ് എറിഞ്ഞ രണ്ടാം ഓവറില്‍ ഇഷ ഒസയും (4) നടാഷ ചെരിയത്തും (0) പുറത്തായതോടെ യുഎഇ 3 വിക്കറ്റ് നഷ്ടത്തില്‍ 5 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
നാലാം വിക്കറ്റില്‍ കവിഷ എഗൊഡഗെയും ഖുഷി ശര്‍മയും ചേര്‍ന്ന് ക്രീസില്‍ ഉറച്ചെങ്കിലും ഒരിക്കല്‍ പോലും ആക്രമണ ത്വര കാണിക്കാത്തത് യുഎഇയ്ക്ക് തിരിച്ചടിയായി.
ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 18ആം ഓവറില്‍ ഖുഷി ശര്‍മ (50 പന്തില്‍ 29) മടങ്ങി. 54 പന്തില്‍ 30 റണ്‍സെടുത്ത കവിഷ പുറത്താവാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 178 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയും ജമീമ റോഡ്രിഗസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇരുവരും അര്‍ധസെഞ്ചുറി നേടി. പുറത്താവാതെ 75 റണ്‍സ് നേടിയ ജമീമ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ദീപ്തി ശര്‍മ 64 റണ്‍സെടുത്തു.
ഹര്‍മന്‍പ്രീത് കൗര്‍, രാധ യാദവ്, ഷഫാലി വര്‍മ, മേഘ്‌ന സിംഗ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ വിശ്രമം അനുവദിച്ച സ്മൃതി മന്ദന, പൂജ വസ്ട്രാക്കര്‍, സ്‌നേഹ് റാണ എന്നിവര്‍ക്കൊപ്പം രേണുക സിംഗും ടീമിലെത്തി.
സ്മൃതിയാണ് ടീമിനെ നയിച്ചത്. ഓപ്പണിംഗിലും ഇന്ന് മാറ്റമുണ്ടായി. സബ്ബിനേനി മേഘ്‌നയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് റിച്ച ഘോഷ്. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ റിച്ചയും (0) കുറഞ്ഞ സ്‌കോറിന് സബ്ബിനേനി മേഘ്‌നയും (10) ഡയലന്‍ ഹേമലതയും (2) മടങ്ങിയതോടെ ഇന്ത്യ പതറി.
പവര്‍ പ്ലേയില്‍ ഇന്ത്യ നേടിയത് വെറും 26 റണ്‍സ്. പിന്നീടായിരുന്നു ജമീമയും ദീപ്തിയും ഒത്തുചേര്‍ന്നത്.