അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, നിലപാട് വ്യക്തമാക്കി വീണ്ടും ശശി തരൂര്‍. പാര്‍ട്ടിക്കകത്തെ മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.
താന്‍ പ്രവര്‍ത്തിക്കുന്നതും മത്സരിക്കുന്നതും നേതാക്കള്‍ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസിനാകെ വേണ്ടിയാണ്. സാധാരണക്കാരായ പ്രവര്‍ത്തകരാണ് തന്നെ പിന്തുണയ്ക്കുന്നതെന്നും ആ വിശ്വാസത്തെ ചതിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരുമെല്ലാം വര്‍ഷങ്ങളായി ഈ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. വലിയ നേതാക്കളൊന്നും എന്റെയൊപ്പം കാണില്ല. 60 ഒപ്പും എന്റെ നോമിനേഷന്‍ പത്രികയ്‌ക്കൊപ്പം കൊടുത്തപ്പോള്‍ അതിലൊന്നും വലിയ ആളുകളുടെ പേരുണ്ടായിരുന്നില്ല. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹങ്ങളെ ഞാന്‍ മുന്നോട്ടുകൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സാധാരണക്കാരാണ് രാജ്യം മുഴുവനും എന്നെ പിന്തുണയ്ക്കുന്നത്. അവര് പറയുന്നത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറരുതെന്നും പാര്‍ട്ടിയില്‍ മാറ്റം വേണമെന്നുമാണ്. ആ വിശ്വാസത്തെ ഞാന്‍ ഒരിക്കലും ചതിക്കില്ല’. ശശി തരൂര്‍ പറഞ്ഞു.
’22 വര്‍ഷമായി പാര്‍ട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട്. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമുണ്ടാകണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഹുല്‍ ഗാന്ധിയും.
അദ്ദേഹത്തിന്റെ അഭിപ്രായവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ ഞങ്ങളുടെ ഐഡിയോളജിയില്‍ ആര്‍ക്കും ഭിന്നാഭിപ്രായങ്ങളില്ല. ബിജെപിയെ നേരിടാനാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശ്രമിക്കുന്നത്.
ഉള്ള ചെറിയ സമയം കൊണ്ട്് എത്രത്തോളം കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും എന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം. പിന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറഞ്ഞത് ഞാനല്ലല്ലോ. അത് എഐസിസിയാണ് തീരുമാനിക്കുന്നത്. നിഷ്പക്ഷമായാണ് ഞങ്ങളെല്ലാം മത്സരിക്കുന്നത്. പാര്‍ട്ടി നന്നാകാന്‍ വേണ്ടി, പാര്‍ട്ടിക്ക് വേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നത്.
ചില മുതിര്‍ന്ന നേതാക്കള്‍ക്ക് പക്ഷപാതമുണ്ടെന്നത് ശരിയാണ്. അവര്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ.മാത്രമല്ല, അത് ജനാധിപത്യ വിരുദ്ധവുമാണ്. മനസാക്ഷി നോക്കി എല്ലാവരും വോട്ട് ചെയ്യട്ടെ. പാര്‍ട്ടിക്കകത്ത് ശത്രുക്കളില്ല.
ഓരോരുത്തര്‍ക്കും ഓരോ താതപര്യങ്ങളില്ലേ. മുതിര്‍ന്ന നേതാക്കളുടെ വോട്ട് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാധാരണ പ്രവര്‍ത്തകരുടെ വോട്ടും’. തരൂര്‍ കൂട്ടിച്ചേര്‍ത്തു.