ചെങ്ങന്നൂര്‍: കെട്ടിട ഉടമയ്ക്ക് മാസ വാടക 30,000 രൂപ വരെ മതി. നഗരസഭ കൊടുത്തത് പ്രതിമാസം 40,000 രൂപ. നഗരസഭയ്ക്ക് ലക്ഷത്തിലധികം രൂപ നഷ്ടം.
ചെങ്ങന്നൂര്‍ നഗരസഭയുടെ ആയുര്‍വേദ, സിദ്ധ, ഹോമിയോ ആശുപത്രികള്‍ പ്രവര്‍ത്തിച്ച അങ്ങാടിക്കല്‍ കോലാമുക്കം പമ്പാതീരം റിസോര്‍ട്ടിന്റെ കെട്ടിടങ്ങള്‍ക്കാണ് നഗരസഭയുടെ നിയമവരുദ്ധമായ ഈ അകമഴിഞ്ഞ സഹായം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും കണക്കിലെ വ്യത്യാസങ്ങളും വ്യക്തമായത്. ഇതനുസരിച്ച് നഗരസഭയ്ക്ക് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി വ്യക്തമാകുന്നു.
നഗരസഭ 11-ാം വാര്‍ഡിലെ പമ്പാതീരം റിസോര്‍ട്ടിന്റെ കെട്ടിടം ഏറ്റവും അനുയോജ്യമാണെന്നും ഇതിന്റെ ഉടമസ്ഥനുമായി സംസാരിക്കാന്‍ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയത് പ്രകാരം 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയ്ക്കുള്ള നിരക്കില്‍ വാട്കയ്ക്ക് കെട്ടിടം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ളതായി ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
ഇതിനുസരിച്ച് 20-03-2021ല്‍ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിലവിലെ പിഡബ്ല്യുഡി നിരക്കിലോ ആയുര്‍വ്വേദ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ള 25,000 മുതല്‍ 30,000 രൂപ വരെയുള്ള നിരക്കില്‍ ‘അവയില്‍ ഏതാണോ കുറവ്’ അത് വാടകയായി നിശ്ചയിച്ചു കൊണ്ട് ആശുപത്രി മാറ്റി പ്രവര്‍ത്തനം ഉടനടി ആരംഭിക്കാവുന്നതാണെന്ന് പറഞ്ഞിരുന്നു.
പമ്പാതീരം റിസോര്‍ട്ടിന്റെ കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റുന്നതിനും പിഡബ്ല്യുഡി നിരക്കില്‍ വാടക നിശ്ചയിക്കുന്നതിനും കൗണ്‍സില്‍ അനുമതി നല്‍കി തീരമാനമായി.
എന്നാല്‍ ഇതനുസരിച്ച് 29-06-2021ല്‍ 40,000 രൂപ പ്രതിമാസ വാടക നിരക്കില്‍ കെട്ടിട ഉടമയുമായി വാടക കരാര്‍ തയ്യാറാക്കി. ആഗസ്റ്റ് 1 മുതല്‍ ഇവിടെ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതായി പറയുന്നു.
എന്നാല്‍ 13-11-2021ല്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്തില്‍ പറയുന്നത് വിചിത്രമായ കാര്യങ്ങളാണ്. അത് ഇങ്ങനെയാണ്-
ചെറിയ രീതിയില്‍ മഴ പെയ്താല്‍ പോലും കെട്ടിടത്തിന്റെ ഉള്ളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണെന്നും കനത്തമഴിയില്‍ വെള്ളം ഒരാഴ്ച ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. 10,000 രൂപയുടെ മരുന്നുകള്‍ വെള്ളം കയറി നശിച്ചു.
രോഗികള്‍ എത്തിയാല്‍ ആശുപത്രിയില്‍ തയറാന്‍ പ്രയാസമാണെന്നും വെള്ളത്തിലൂടേയും ചെളിയിലൂടെയുമാണ് അകത്തു പ്രവേശിക്കേണ്ടത്. നഗരത്തില്‍ ഏറെ അകലെയുള്ള ഈ വാടക കെട്ടിടം ഭീമമായ തുക നല്‍കി കെട്ടിടം എടുത്തത് എന്തിനാണെന്ന് പോലും രോഗികള്‍ ചോദിച്ചു.
യാത്രാസൗകര്യം പോലും ഇല്ലാത്ത ഇവിടെ രോഗികള്‍ക്ക് ഓട്ടോറിക്ഷയില്‍ വേണം എത്തേണ്ടത്. ആശുപത്രിയില്‍ വന്നാല്‍ വെള്ളത്തിലും ചെളിയിലും നീന്തി വേണം ഒ.പി മുറികളില്‍ എത്താന്‍.
പ്രതിദിനം 150-170 ഒപി ശരാശി ഉണ്ടായിരുന്നത് ഇപ്പോള്‍ 40-45 ഒപി മാത്രമായി ചുരുങ്ങിയെന്നും കത്തില്‍ പറയുന്നു.
അതേ സമയം ഈ മെഡിക്കല്‍ ഓഫീസര്‍ തന്നെ 17-05-2021ല്‍ നല്‍കിയ സാക്ഷ്യപത്രത്തില്‍ പറയുന്നത് 11-ാം വാര്‍ഡിലെ കെട്ടിട നമ്പര്‍. 130 11, 131യ11, 136 11 (പമ്പാതീരം ആയുര്‍വേദ റിസോര്‍ട്ട്) ഗവ. ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയോജ്യമാണമെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു.
അനുയോജ്യമാണെന്ന് പറഞ്ഞവര്‍ തന്നെ പറയുന്നു ഇത്രയും ഭീമമായ തുക നല്‍കി കെട്ടിടം എടുത്തത് എന്തിനാണെന്ന് പോലും രോഗികള്‍ ചോദിക്കുന്നു എന്ന്.
പരമാവധി 30,000 രൂപ മാത്രം മതി വാടക എന്ന് കെട്ടിട ഉടമ ഉറപ്പ് പറഞ്ഞിട്ടും എന്തിനാണ് അതിനേക്കാള്‍ കൂടിയ നിരക്കില്‍ 40,000 രൂപ പ്രതിമാസ വാടകയായി നിശ്ചയിച്ച് കരാര്‍ ഉറപ്പിച്ചതും പണം നല്‍കിയതും.
കൗണ്‍സില്‍ യോഗത്തില്‍ വച്ച അജണ്ടയില്‍ വ്യക്തമായി പറയുന്നു- പിഡബ്ല്യുഡി നിരക്കിലോ ആയുര്‍വ്വേദ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ള 25,000 മുതല്‍ 30,000 രൂപ വരെയുള്ള നിരക്കില്‍ ‘അവയില്‍ ഏതാണോ കുറവ്’ അത് വാടകയായി നിശ്ചയിച്ചു കൊണ്ട് ആശുപത്രി മാറ്റി പ്രവര്‍ത്തനം ആരംഭിക്കണം എന്ന്.
പിഡബ്ല്യുഡി നിരക്ക് ഇതിലും കുറവാണ് എങ്കില്‍ എങ്ങനെയാണ് 40,000 രൂപയ്ക്ക് വാടക കരാര്‍ ഒപ്പിട്ട് പണം നല്‍കിയത്. പരമാവധി 30,000 രൂപയ്ക്കല്ലെ കരാര്‍ നല്‍കേണ്ടിയിരുന്നത്.
- പിന്നെ ആരാണ് കെട്ടിട ഉടമ ആവശ്യപ്പെട്ടതിനേക്കാള്‍ 10,000 രൂപ അധികം പ്രതിമാസം നല്‍കി ഈ കെട്ടിടം എടുക്കാന്‍ തീരുമാനിച്ചത് ?
- 12 മാസത്തിലധികം ഇത്രയും തുക അധികമായി നല്‍കിയത് ആര്‍ക്കുവേണ്ടിയായിരുന്നു ?
- കെട്ടിട ഉടമയും ഇടനിലക്കാരും തമ്മില്‍ എന്തായിരുന്നു രഹസ്യ ധാരണ ?
നഷ്ടമായ ലക്ഷത്തിലധികം രൂപ തിരികെ പിടിക്കാന്‍ നഗരസഭ അധികാരികള്‍ നടപടിയെടുക്കുമോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.