പയ്യാമ്പലം: കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷമുള്ള അനുശോചന യോഗത്തില്‍ തന്റെ പ്രസംഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറിയ പിണറായി വിജയന്‍ കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് തിരികെ കസേരയിലേക്ക് വന്നിരുന്നത്.
ഇത്രയധികം ദുഖിതനായ പിണറായിയെ ഇതാദ്യമായാണ് ജനങ്ങള്‍ കാണുന്നത്. ചെറുപ്പകാലം മുതല്‍ ഇന്നുവരെ ഒന്നിച്ച് പ്രവര്‍ത്തിച്ച പ്രിയ സഖാവിനെയാണ്, കോടിയേരിയുടെ വിയോഗത്തിലൂടെ മുഖ്യമന്ത്രിക്ക് നഷ്ടമാവുന്നത്.
കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കുന്നത് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടിയേരിയുടെ സംസ്‌കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്.
ചില കാര്യങ്ങള്‍ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിടവ് പരിഹരിക്കാന്‍ ശ്രമിക്കും. വലിയ നഷ്ടത്തില്‍ ദു:ഖത്തില്‍ ഒപ്പം ചേര്‍ന്നവര്‍ക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങള്‍ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.