
ചെങ്ങന്നൂര്‍ ▪️ഭരണാനുമതി ലഭിച്ച ശേഷം സിവില്‍ വര്‍ക്കുകള്‍ക്കും ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്കും പ്രത്യേക ടെന്‍ഡര്‍ നല്‍കാതെ കാലതാമസം ഇല്ലാതാക്കാന്‍ ഈ വര്‍ഷം മുതല്‍ കോമ്പസിറ്റ് ടെന്‍ഡര്‍ നടപടികള്‍ നടപ്പാക്കുന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ചെങ്ങന്നൂരില്‍ വിവിധ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ 3.32 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതുച്ചുചാട്ടത്തിനാണ് സംസ്ഥാനം സാക്ഷിയായത്. ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എടുക്കുന്ന കാലതാമസം ഇല്ലാതാക്കാന്‍ നടപടി എടുത്തതായി മന്ത്രി പറഞ്ഞു.
▪️3.32 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുന്നു.
ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂരിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അത്യാധുനിക കെട്ടിടം പൂര്‍ത്തിയായി വരുകയാണെന്ന് മന്ത്രി പറഞ്ഞു.
മുനിസിപ്പല്‍ ഏരിയയിലെ എല്ലാ സ്‌കുളുകള്‍ക്കും പുതിയ കെട്ടിടമായിക്കൊണ്ടിരിക്കുന്നു.
ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയുടെ പുതിയ കെട്ടിടം 100 കോടി രൂപയ്ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും പുതിയ കെട്ടിടമായി.
ഏറെ പ്രവാസികളുള്ള ചെങ്ങന്നൂരില്‍ നോര്‍ക്കാ റീജിയണല്‍ ഓഫീസ് ആരംഭിക്കുകയാണ്. ചെങ്ങന്നൂരിലെ പൂമലച്ചാലില്‍ ടൂറിസം പദ്ധതിയ്ക്കായി 3.5 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി., പി.സി വിഷ്ണുനാഥ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം.ജി ലൈജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ വി. വിജി, കെ.എസ്.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്. റഷീദ്, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗിരിജ, ചെങ്ങന്നൂര്‍ എ.ഇ.ഓ കെ.സുരേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.