
കോഴിക്കോട്▪️ കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതില്‍ നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
2019 ഒക്ടോബര്‍ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തുറന്നത്.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അടക്കം ചെയ്ത സിലി, മകള്‍ ആല്‍ഫൈന്‍, കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടില്‍ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യൂ എന്നിവരുടെ മൃതദേഹവഷിഷ്ടങ്ങളാണ് ഒക്ടോബര്‍ നാലിന് പുറത്തെടുത്തത്. പിന്നീട് ആറ് മരണവും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
14 വര്‍ഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകളാണ് പിന്നീട് പുറത്ത് വന്നത്. പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭര്‍ത്താവിനേയും രക്ഷിതാക്കളേയും സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇവരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മഞ്ചാടിയില്‍ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. പിന്നീട് ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാന്‍ ഷാജുവിന്റെ ഭാര്യ സിലിയേയും മകള്‍ ഒന്നര വയസ്സുകാരി ആല്‍ഫൈനേയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ സഹോദരന്‍ റോജോ റൂറല്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാത പരമ്പരയുടെ ചുരുളഴിഞ്ഞത്. ജോളി, ജോളിയുടെ ബന്ധു എംഎസ് മാത്യൂ, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജു കുമാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.