
കോഴിക്കോട്▪️ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ കലോത്സവ വേദികള്‍ സജീവമാകുമ്പോള്‍ കലോത്സവ വേദികളില്‍ പങ്കെടുത്തതിന്റെ ഓര്‍മകള്‍ പങ്കുവക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മകള്‍ക്കൊപ്പം അന്ന് മോണോ ആക്ടില്‍ ഒന്നാം സ്ഥാനത്തെത്തിയതിന്റെ പത്രവാര്‍ത്തയും വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
പത്തനംതിട്ട മൈലപ്ര എംബിഎഇഎം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് വീണ ജോര്‍ജ് പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ വിജയിയാകുന്നത്.
കൗരവ സഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ ഭാവങ്ങളായിരുന്നു അന്ന് വീണ കുര്യാക്കോസ് എന്ന വിദ്യാര്‍ത്ഥിനി വേദിയില്‍ അവതരിപ്പിച്ചത്.
‘ഔദ്യോഗിക പരിപാടികള്‍ക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു.
മനസില്‍ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്‌കൂള്‍ യുവജനോത്സവ കാലങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു. വീട്, പ്രിയപ്പെട്ടവര്‍ ,ഗുരുക്കന്മാര്‍, വേദികള്‍, കൂട്ടുകാര്‍, കാത്തിരിപ്പ്- എല്ലാം ഓര്‍മിപ്പിക്കുന്നു ഈ കോഴിക്കോട്. അക്കാലത്ത്- മഞ്ജു വാര്യര്‍, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകള്‍- എത്ര എത്ര നിറം മങ്ങാത്ത ഓര്‍മ്മകള്‍..’ മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.