
ദില്ലി ▪️പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണില്‍ അമ്മ 100-ാം വയസ്സിലേക്കു പ്രവേശിച്ചപ്പോള്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.
പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു.
അമ്മയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അമ്മയുടെ നൂറാം പിറന്നാള്‍ ദിവസം അവര്‍ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തന്റെ ബ്ലോഗില്‍ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തന്റെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു.
ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ നരേന്ദ്ര മോദി വികാരാധീനനായി. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് അമ്മയെന്നാണ് അന്ന് മോദി പറഞ്ഞത്.
നോട്ട് നിരോധനമുള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന്റെ പല തീരുമാനങ്ങളും വിവാദമായപ്പോള്‍ ഹീര ബെന്നിന്റെ നിലപാടുകളും ചര്‍ച്ചയായി. നോട്ട് നിരോധനത്തിന് ഹീര ബെന്‍ എടിഎം ക്യൂവില്‍ നില്‍ക്കുന്നതിന്റെയും, കൊവിഡ് കാലത്ത് വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.
1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെന്‍ ജനിച്ചത്. ചായ വില്‍പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി.
സോമ മോദിയാണു മൂത്ത മകന്‍. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വഡ്‌നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം.