▶️വെണ്‍മണിയില്‍ “പ്രളയ” മുന്നൊരുക്കവുമായി മോക്ഡ്രില്‍ സംഘടിപ്പിച്ചു

0 second read
0
255

ചെങ്ങന്നൂര്‍ ▪️വെണ്മണിയില്‍ കിഴക്കന്‍വെള്ളം ഇരച്ചെത്തി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി മോക്ഡ്രില്‍ സംഘടിപ്പിച്ചു.

ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രളയ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ചെങ്ങന്നൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്.

രാവിലെ 9.15നാണ് പഞ്ചായത്ത്, റവന്യു, പോലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ ആരംഭിച്ചത്. കളക്ട്രേറ്റില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, വിവിധ സ്ഥലങ്ങളുമായി സംവദിക്കാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ സെന്റര്‍ എന്നിവ തയ്യാറാക്കിയിരുന്നു.

അച്ചന്‍കോവിലാറ്റില്‍ നിന്നും വെണ്മണി പഞ്ചായത്തിലെ പുലക്കടവ്, വരമ്പൂര്‍ ഭാഗത്തേക്ക് കിഴക്കന്‍ വെള്ളം ഇരച്ചെത്തുന്നെന്നും ജലനിരപ്പ് ഉയരുന്നു എന്നുമുള്ള വിവരം ലഭിച്ചതോടെയാണ് മോക്ക് ഡ്രില്ലിന് തുടക്കമായത്.

പുഴ മുറിച്ചു കടക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ട മങ്ങാട്ടുവടക്കേതില്‍ സുരേഷ് എന്നയാളിനെ അഗ്നിരക്ഷാസേന രക്ഷപെടുത്തി ദുരിതാശ്വാസ ക്യാമ്പില്‍ എത്തിട്ടു. വീടിന്റെ ഒന്നാം നിലയില്‍ അകപ്പെട്ട രാഹുല്‍ നിവാസില്‍ തുളസിക്കും കുടുംബത്തിനും ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി.

ഉടന്‍ തന്നെ ഇവിടെ നിന്നും ആളുകളെ വാഹനങ്ങളില്‍ കയറ്റി വെണ്മണി എം.ടി.എച്ച്.എസ്. സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചു. പ്രായമായവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍ എന്നിവരടക്കം 49 കുടുംബങ്ങളിലെ 136 പേരെയാണ് സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയത്.

കോവിഡ് ബാധിതര്‍ക്കായി ക്യാമ്പില്‍ പ്രത്യേക ഐസൊലേഷന്‍ സംവിധാനവും ഒരുക്കിയിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചവരെയെല്ലാം കോവിഡ് പരിശോധന നടത്തിയാണ് ക്യാമ്പില്‍ പാര്‍പ്പിച്ചത്.

പോലീസിലെ 19 പേരും അഗ്നിരക്ഷാസേനയിലെ 16 പേരും ആരോഗ്യവിഭാഗത്തിലെ 14 പേരും റവന്യുവിലെ 22 പേരും മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ രണ്ട് പേരും പ്ഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍ എന്നീ 8 പേരും പങ്കെടുത്തു.

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തിയത്. 12.30ഓടെ മോക്ഡ്രില്‍ അവസാനിച്ചു.

മോക്ക്ഡ്രില്‍ നടത്തുന്ന വിവരം ഇന്നലെ (28) ഉച്ചയ്ക്ക് ശേഷം വാര്‍ഡുകളില്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. എസ്.സുമ, തഹസില്‍ദാര്‍ എം. ബിജുകുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.

Load More Related Articles

Check Also

▶️ചെങ്ങന്നൂര്‍-മുണ്ടക്കയം ബസ് സര്‍വ്വീസ് തുടങ്ങി

ചെങ്ങന്നൂര്‍▪️ പുതിയതായി ആരംഭിച്ച ചെങ്ങന്നൂര്‍-മുണ്ടക്കയം ബസ് സര്‍വ്വീസ് ചെങ്ങന്നൂര്‍ കെഎസ…