
മാവേലിക്കര▪️ ഇടത് അംഗത്തിന്റെ പിന്തുണയോടെ മാവേലിക്കര നഗരസഭയില്‍ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു.
ഒമ്പതര വര്‍ഷത്തിനുശേഷം വീണ്ടും ഡിസിസി ജനറല്‍ സെക്രട്ടറി നൈനാന്‍ സി. കുറ്റിശ്ശേരിലാണ് മാവേലിക്കര നഗരസഭ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് രാവിലെ മാവേലിക്കര നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്.
കോണ്‍ഗ്രസ് 9, ബിജെപി 9, എല്‍ഡിഎഫ് 9, സ്വതന്ത്രനായ ശ്രീകുമാര്‍ ഉള്‍പ്പെടെ 28 അംഗ നഗരസഭയില്‍ 10 പേരുടെ പിന്തുണയോടെയാണ് നൈനാന്‍ സി. കുറ്റിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബിനു വര്‍ഗീസ് കളം മാറ്റി ചവിട്ടിയതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയിരുന്നു. പിന്നീട് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 9 വോട്ടുകളും യുഡിഎഫിന് 10 വോട്ടുകളും ആണ് ലഭിച്ചത്.
യുഡിഎഫ് പിന്തുണയോടെ അധികാരത്തില്‍ വന്ന സ്വതന്ത്രന്‍ ശ്രീകുമാര്‍, മുന്‍ധാരണ പ്രകാരമുള്ള കാലയളവില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയാതിരുന്നതാണ് കോണ്‍ഗ്രസ് ഇയാളെ അവിശ്വാസത്തിലൂടെ പുറത്താക്കുവാന്‍ കാരണം.
ഇടത് അംഗം മറുകണ്ടം ചാടാതിരുന്നെങ്കില്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമായിരുന്നു. കോണ്‍ഗ്രസിന്റെ കുത്തകയായ മാവേലിക്കര നഗരസഭയില്‍ രണ്ടു തവണ മാത്രമാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടുള്ളത്.