
കല്‍പ്പറ്റ▪️ വയനാട് മാതൃക ടൗണ്‍ഷിപ്പിലൂടെ കേരളത്തിന്റെ തനത് അതിജീവനചരിത്രം രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ദുരന്തബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം പ്രതീക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ല എന്നും കിട്ടിയത് വായ്പ രൂപത്തിലുള്ള തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയ അനുഭവം വെച്ച് ഇനി സഹായം ലഭിക്കുമോ എന്ന് അറിയില്ല. കേന്ദ്രസഹായത്തിന്റെ അഭാവത്തിലും നാം എല്ലാവരും സഹകരിച്ച് അഭൂതപൂര്‍വ്വമായ പുനരധിവാസം നടപ്പിലാക്കി. നാടിന്റെ അപൂര്‍വതയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കാന്‍ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ വയനാട്ടിലെ ഈ പുനരധിവാസം ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും മാതൃകയാകുമെന്നും ചരിത്രത്തില്‍ അടയാളപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് മാതൃക ടൗണ്‍ഷിപ്പ് ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മാണം. ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്.
രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്‌റ്റോര്‍ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാന്‍ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും അടിത്തറ.