
ഇടുക്കി▪️ പരുന്തുംപാറയില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍മ്മിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്.
കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കുരിശ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതര്‍ വിശദമായി പരിശോധിക്കും
കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്ന് കണ്ടെത്തിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ പല തവണ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷവും ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കുരിശിന്റെ പണികള്‍ സജിത്ത് ജോസഫ് പൂര്‍ത്തിയാക്കുകയായിരുന്നു.
മാത്രവുമല്ല ഏതെങ്കിലും ഒരു മത സംഘടനയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് സജിത്ത് ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ മത സംഘടനകള്‍ എന്ന് മാത്രമല്ല ഒരു മത പുരോഹിതന്‍ പോലും കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പിന്തുണയുമായി എത്തിയിരുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണം എന്നായിരുന്നു ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
യേശുക്രിസ്തുവിന്റെ കുരിശിനെ അവഹേളിക്കുന്ന ഇത്തരം ‘കുരിശുകള്‍ ‘ മുളയിലേ തകര്‍ക്കാന്‍ ഭരണകൂടം മടിക്കരുത്. ഭൂമി കയ്യേറാന്‍ ഉള്ളതല്ല, കൃഷി ചെയ്യാനുള്ളതാണെന്നും കുരിശുകൃഷി അല്ല ജൈവകൃഷിയാണ് വേണ്ടതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചു.