
കൊല്ലം▪️ സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനായി കൊല്ലം ഒരുങ്ങി.
ആശ്രാമം മൈതാനത്ത് തയ്യാറാക്കിയ സീതാറാം യെച്ചൂരിയുടെ പേരിലുള്ള പൊതുസമ്മേളന നഗരയില്‍ വൈകുന്നേരം കൊടി ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എന്‍ ബാലഗോപാലാണ് പതാക ഉയര്‍ത്തിയത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, എം.എ ബേബി, എ. വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, കെ.കെ ശൈലജ, എളമരം കരീം, ടി.പി രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.
വയലാറില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു നയിച്ച ദീപശിഖാ ജാഥയും കേന്ദ്രകമ്മിറ്റി അംഗം സി.എസ് സുജാത നയിച്ച കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നയിച്ച പതാകജാഥയും വൈകുന്നേരം ആശ്രാമം മൈതാനിയിലെ പൊതുസമ്മേളന നഗരിയിലേയ്ക്ക് നേരത്തെ എത്തിച്ചേര്‍ന്നിരുന്നു.
23 രക്തസാക്ഷി കുടീരങ്ങളില്‍ നിന്നുള്ള ജാഥകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളനം നടക്കുന്ന ടൗണ്‍ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ദീപശിഖ സ്ഥാപിച്ചു.
നാളെ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രകാശ് കാരാട്ടിന് പുറമേ പിണറായി വിജയന്‍, എം.എ ബേബി, ബി.വി രാഘവലു, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ളെ, എ. വിജയരാഘവന്‍, എം.വി ഗോവിന്ദന്‍ എന്നിവരും മേല്‍ കമ്മിറ്റിയുടെ ഭാഗമായി സമ്മേളനത്തില്‍ പങ്കെടുക്കും.