
പാലക്കാട് പുതുതലമുറ റീല്‍ ലൈഫില്‍ ജീവിക്കുന്നു. റിയല്‍ ലൈഫ് ഇല്ലാതായി. കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ.
അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണം. സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. കൊച്ചി കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷത്തിലാണ് കാതോലിക്കാബാവയുടെ പ്രതികരണം.
മദ്യവും മയക്കുമരുന്നും വ്യാപകമായിട്ടും വീണ്ടും മദ്യശാലകളും ബ്രൂവറികളും തുറക്കുന്ന ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സഭാധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ തിന്‍മകളോട് പ്രതികരിക്കുക എന്നത് സഭയുടെ ഉത്തരവാദിത്തമാണ്.
തിരുത്തലുകള്‍ വേണ്ടി വരുമ്പോള്‍ സഭ ഓര്‍മ്മിപ്പിക്കുമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. ജനിച്ചുവീഴുന്ന കുഞ്ഞിനെയും ജന്‍മം നല്‍കിയ അമ്മയെയും കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നു. എല്ലാത്തിനും കാരണം മദ്യവും മയക്കുമരുന്നുമാണെന്നും കാതോലിക്കാബാവ കൂട്ടിച്ചേര്‍ത്തു.
മാനസികമായ പിരിമുറുക്കത്തിലാണ് പുതുതലമുറ. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കഴിയുന്ന പ്രഷര്‍ കുക്കര്‍ പോലെയായി യുവജനങ്ങള്‍ മാറി. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും കാതോലിക്കാബാവ പറഞ്ഞു.