പത്തനംതിട്ട▪️ പത്തനംതിട്ട പീഡന കേസില്‍ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്.
നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്.
നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
റാന്നിയില്‍ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മൊത്തം എഫ്‌ഐആറുകളുടെ എണ്ണം 7 ആയിട്ടുണ്ട്.
പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിനാണെന്നും പൊലീസ് വിവരിച്ചു. അന്ന് പെണ്‍കുട്ടിക്ക് 13 വയസാണ് ഉണ്ടായിരുന്നത്. റബ്ബര്‍ തോട്ടത്തില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സുബിന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സുബിന്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചതായും പൊലീസ് വിവരിച്ചു.
രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഇലവുംതിട്ട പോലീസ് 5 യുവാക്കളെ ഇന്നലെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇന്ന് പത്തനംതിട്ട പോലീസ് 3 കേസുകളെടുക്കുകയും ആകെയുള്ള 14 പ്രതികളില്‍ 9 പേരെ ഉടനടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സുബിന്‍ (24), വി.കെ വിനീത് (30), കെ. അനന്ദു ( 21), എസ്. സന്ദീപ് (30), ശ്രീനി എന്ന എസ്. സുധി (24) എന്നിവരാണ് ഇലവുംതിട്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയത ഒരു കേസിലെ പ്രതികള്‍.
ഇവിടെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ അച്ചുആനന്ദ് (21) ആണ് പ്രതി. ആദ്യത്തെ കേസില്‍ അഞ്ചാം പ്രതി സുധി പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ നിലവില്‍ ജയിലിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത ഈ കേസിന്റെ അന്വേഷണം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ വിനോദ് കൃഷ്ണനാണ് അന്വേഷണം.
13 വയസുള്ളപ്പോള്‍ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബ്ബര്‍ തോട്ടത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു.
പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗില്‍ തനിക്കുണ്ടായ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ കൗണ്‍സിലര്‍മാരെ കുട്ടി അറിയിക്കുകയായിരുന്നു. സ്ഥാപന അധികൃതര്‍ ഇടപെട്ട് കോന്നി നിര്‍ഭയ ഹെന്‍ട്രി ഹോമില്‍ കഴിഞ്ഞ ഡിസംബര്‍ 6 മുതല്‍ പാര്‍പ്പിച്ചുവരികയാണ്.
എട്ടിനും 13 നും സി ഡബ്ല്യു സി കൗണ്‍സിലിങ്ങിന് വിധേയയാക്കി. നിരവധി ആളുകള്‍ പീഡിപ്പിച്ചതായുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴികള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് എസ്‌ഐ കെ.ആര്‍ ഷെമിമോള്‍ അമ്മയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്.
പീഡനം നടന്ന സ്ഥലങ്ങളുടെ ക്രമത്തിലാണ് പുതിയ കേസ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. മൊഴികള്‍ പ്രകാരം നിയമനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാര്‍ അറിയിച്ചു.