▶️ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍; ഇനി കാക്കനാട് ജയിലില്‍

0 second read
0
298

കൊച്ചി▪️ ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി.

ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി.

മണിക്കൂറുകള്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നത്. പിന്നാലെ ബോബി ചെമ്മണ്ണൂര്‍ തലകറങ്ങി വീണു.

തുടര്‍ന്ന് വിശ്രമത്തിനായി സമീപത്തെ മുറിയിലേക്ക് മാറ്റി. കോടതി നിര്‍ദ്ദേശ പ്രകാരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തകരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ നിന്നും ചെമ്മണ്ണൂരിനെ പുറത്തേക്ക് കൊണ്ടു വന്നപ്പോള്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് വാഹനം തടയുന്നതിനുള്ള ശ്രമവും നടന്നു.

കൂടുതല്‍ പരിശേധന നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും പോലീസ് ആശുപത്രിയില്‍ നിന്നും ഇറക്കി കൊണ്ടുപോയതായി പ്രതിഭാഗം അഭിഭാഷകന്‍ ആപേരോപിച്ചു. നാളെ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മാര്‍ക്കറ്റിങ് തന്ത്രം മാത്രമായിരുന്നു. അതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളില്ല.

താന്‍ പൊതുവേദിയില്‍ നല്ല രീതിയില്‍ ഉപയോഗിച്ച വാക്കുകള്‍ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയില്‍ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങള്‍ നല്‍കാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോള്‍ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്‌ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.

മഹാഭാരതത്തിലെ കുന്തി ദേവിയോടാണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലക്കെടുത്തില്ല. മഹാഭാരതത്തില്‍ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു.

മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താന്‍ നടിയെ കയറി പിടിച്ചിട്ടില്ല. ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തില്‍ സ്പര്‍ശിച്ചത്. പരിപാടി കഴിഞ്ഞപ്പോള്‍ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയില്‍ പ്രതിഭാഗം പറഞ്ഞു. നടി തന്നെ അവരുടെ ഫേസ്ബുക്കില്‍ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയില്‍ ഹാജരാക്കി. നടിയുടെ പരാതിയില്‍ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഒരുപാട് പേര്‍ക്ക് ജോലി നല്‍കുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കില്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയില്‍ ഉറപ്പ് നല്‍കി.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പും, നിര്‍ണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയില്‍ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്.

മൊബൈല്‍ ഫോണ്‍ അടക്കം കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കി.

ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ‘മാലയുടെ പിന്‍വശം കാണൂ എന്ന് പറഞ്ഞത് ദ്വായര്‍ത്ഥ പ്രയോഗമാണ്’ അത്തരമൊരു പരാമര്‍ശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. നിരവധി തവണ ആ വീഡിയോ മോശം രീതിയില്‍ പ്രചരിച്ചു.

ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലും ബോബി അശ്ലീലച്ചുവയോടെ നടിക്ക് എതിരെ പരാമര്‍ശം നടത്തി എന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നും പ്രോസീക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ പരിഗണിച്ചാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…