പത്തനംതിട്ട▪️ ചെന്നിത്തലഎന്‍എസ്എസ് മഞ്ഞുരുകലിന് കാരണമായത് പി.ജെ കുര്യന്റെ ഇടപെടലെന്ന് നിര്‍ണായക വെളിപ്പെടുത്തല്‍.
മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിച്ചത് ചെന്നിത്തലയും പി.ജെ കുര്യനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം. മാസങ്ങള്‍ മുന്‍പ് പി.ജെ കുര്യന്റെ വസതിയിലെത്തി ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു.
വസതിയിലെ കൂടിക്കാഴ്ച അരമണിക്കൂറോളമാണ് നീണ്ടത്. സമാനമായി പത്തനംതിട്ട അടൂരിലും ഇരുവരും കൂടിക്കാഴ്ച നടത്തി. അടൂരില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്.
ചെന്നിത്തലയ്ക്ക് അനുകൂലമായി എന്‍എസ്എസ്സിലെ ഒരു വിഭാഗം നിലപാട് എടുത്തപ്പോള്‍ ജി സുകുമാരന്‍ നായര്‍ എതിര്‍ത്തിരുന്നു എന്നാണ് പി.ജെ കുര്യന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തിയത്.
പി.ജെ കുര്യന്റെ സമയോചിതമായ ഇടപെടലാണ് ജി. സുകുമാരന്‍ നായരുടെ മനം മാറ്റത്തിന് കാരണമായതെന്നാണ് വിവരം ഇതോടെ ചെന്നിത്തലയ്ക്ക് മന്നം ജയന്തി ആഘോഷത്തിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു.
ചെന്നിത്തലയും എന്‍എസ്എസ്സും തമ്മില്‍ അടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നും പി.ജെ കുര്യന്‍ വെളിപ്പെടുത്തി. ഇക്കാര്യം താന്‍ ചെന്നിത്തലയോട് നിരന്തരം പറഞ്ഞിരുന്നു. ഒടുവില്‍ ചെന്നിത്തലയും സുകുമാരന്‍ നായരും സംസാരിച്ച് സമവായത്തിലെത്തുകയായിരുന്നു. മഞ്ഞുരുകിയതില്‍ സന്തോഷമെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
അതേസമയം സുകുമാരന്‍ നായരോട് താന്‍ സംസാരിച്ചത് എന്തെന്ന് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു. വരും നാളുകളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുമെന്നാണ് ഇതൊടേ വ്യക്തമായിരിക്കുന്നത്.
മുനമ്പം സമരത്തില്‍ ചാണ്ടി ഉമ്മനും ചെന്നിത്തലയും ഒരു കാറിലാണ് സഞ്ചരിച്ചതെന്നും, ചാണ്ടി ഉമ്മന്‍ ചെന്നിത്തലയെ പുകഴ്ത്തിയെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.