🔘12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി.ഡി സതീശന്‍ നിലപാട് വ്യക്തമാക്കും
തിരുവനന്തപുരം▪️ പി.വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണ്ണായകമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട്.
മുസ്ലീം ലീഗിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അന്‍വറിന് പിന്തുണ അറിയിച്ചതോടെ ഇക്കാര്യത്തില്‍ വി.ഡി സതീശന്‍ എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നത് നിര്‍ണ്ണായകമാണ്. 12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വി.ഡി സതീശന്‍ നിലപാട് വ്യക്തമാക്കും.
വി.ഡി സതീശന്‍ ഒരിക്കലും തന്നെ തള്ളിപറഞ്ഞിട്ടില്ലെന്ന് അന്‍വര്‍ പ്രതികരിച്ചിരുന്നു. ഒരുമിച്ച് നീങ്ങേണ്ടവരാണെന്ന് അദ്ദേഹത്തിനും തനിക്കും അറിയാം എന്നായിരുന്നു പ്രതികരണം.
ഒപ്പം മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും പേരെടുത്ത് പറഞ്ഞ് അന്‍വര്‍ നന്ദി പ്രകടിപ്പിച്ചിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി.ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.
ലീഗിന്റെ പിന്തുണ ഉറപ്പിക്കുന്നതിലൂടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്.