നൂറനാട്▪️ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഹെക്കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി സാക്ഷിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊലക്കേസ് ശിക്ഷാ പ്രതി അറസ്റ്റില്‍.
താമരക്കുളം കിഴക്കുംമുറി സിനില്‍ ഭവനം വീട്ടില്‍ സിനില്‍രാജ് (41) നെയാണ് കുണ്ടറ ഭാഗത്ത് നിന്നും നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
28.08.2007ല്‍ താമരക്കുളത്ത് വേണുഗോപാല്‍ എന്ന ആളിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ ഇറങ്ങി വണുഗോപാല്‍ കൊലക്കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞ വിരോധത്തില്‍ കുഞ്ഞുമുഹമ്മദ് റാവുത്തറെ (76) തടഞ്ഞുനിര്‍ത്തി ഗുരുതരമായി തലക്കും മറ്റും അടിച്ചു പരിക്കേല്‍പ്പിച്ചു.
കുഞ്ഞുമുഹമ്മദ് റാവുത്തര്‍ പല സ്ഥലങ്ങളിലും ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്ന ആളാണ്. സിനില്‍ രാജിന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊലപാതകം, സ്ത്രീകളെ ആക്രമിക്കല്‍, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗം എന്നിവ ഉള്‍പ്പെടെ നൂറനാട്, ശൂരനാട് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 11 ഓളം കേസുകളില്‍ പ്രതിയാണ് സിനില്‍ രാജ്.
വേണുഗോപാല്‍ വധക്കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി 2022 ലാണ് സിനില്‍ രാജിനേയും കൂട്ടു പ്രതി അനില്‍ (കിണ്ടന്‍) എന്നയാളേയുമാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് അപ്പീല്‍ നല്‍കിയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
നാട്ടില്‍ ഗുണ്ടാ പരിവേഷത്തോടെ ജീവിക്കുന്ന സനില്‍രാജിന്റെ ആക്രമണത്തില്‍ നിലത്തുവീണുപോയ വയോധികന്‍ രണ്ടു കൈകളും കൂപ്പി ജീവനുവേണ്ടി യാചിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു.
തമിഴ്‌നാട്ടിലേക്ക് കടന്ന സിനില്‍ രാജ് കായംകുളം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട മാങ്ങാണ്ടി ഷമീര്‍ ഉള്‍പ്പെടെയുള്ള ഗ്യാങ്ങിലെ അംഗമാണ്.
ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്‍ ഐ.പി.എസ്, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
തമിഴ്‌നാട്ടിലെ രഹസ്യതാവളത്തില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ സിനില്‍ രാജ് അവിടേക്ക് പോലീസ് എത്തുന്നതിനു മുന്‍പ് കേരളത്തിലേക്കു കടന്നു.
ഇന്നലെ രാത്രി കുണ്ടറ കേരളപുരം ഭാഗത്തെത്തിയപ്പോഴാണ് നൂറനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസ് വളഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമം നടത്തിയ പ്രതിയെ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
പ്രതിയെ ഇന്ന് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്.
നൂറനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.നിതീഷിനൊപ്പം എഎസ്‌ഐ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ത് .എ, സിവില്‍ പോലീസ് ഓഫീസര്‍മാരായ കലേഷ് .കെ, മനുകുമാര്‍ .പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.