തിരുവനന്തപുരം▪️ സംസ്ഥാന സ്‌കൂള്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും.
ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയില്‍ എത്തും. കലോത്സവത്തിന്റെ രജിസ്‌ട്രേഷനും ഇന്ന് തുടങ്ങും.
പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങ് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് നൂറ്റിയൊന്നും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് നൂറ്റിപ്പത്തും, സംസ്‌കൃതോത്സവത്തില്‍ പത്തൊന്‍പതും, അറബിക് കലോത്സവത്തില്‍ പത്തൊന്‍പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാല്‍പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരം നടക്കുക.
കലോത്സവ ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവും. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങള്‍.