ചെങ്ങന്നൂര്‍▪️ മധ്യ തിരുവിതാംകൂറിലെ ഏറ്റവും പുരാതനമായ വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായ ചെങ്ങന്നൂര്‍ ശാസ്താംപുറം മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അടിത്തറ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു. മന്ത്രി സജി ചെറിയാന് സ്ഥലം സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തി. തീരദേശ വികസന കോര്പ്പറേഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ മേഘനാഥന്, ബാബു തൈവട, രാജു പറങ്കാമൂട്ടില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു
ശാസ്താപുറം ചന്ത ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് ഗതകാല പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി സജി ചെറിയാന് നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഞ്ചു കോടിരൂപ അനുവദിക്കുകയായിരുന്നു.
മാര്‍ക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി 20,550 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഇരു നില മാര്‍ക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 23 കടമുറികള്‍, റീടെയില്‍ സ്റ്റാളുകള്‍, ആവശ്യാനുസരണം ശുചി മുറി എന്നിവയും, മുകളിലത്തെ നിലയില്‍ 13 കടമുറികളും, രണ്ടു ഹാളും ശുചി മുറി സൗകര്യങ്ങളും ഉണ്ടാകും.
വിപണന സ്റ്റാളുകളില്‍ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളികള്‍, സിങ്കുകള്‍, ഡ്രെയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ സജ്ജമാക്കും. കൂടാതെ മാലിന്യ സംസ്കരണത്തിനായി ഇടിപി സംവിധാനവും ഒരുക്കുന്നുണ്ട്. മാര്‍ക്കറ്റിന്റെ നിര്‍മ്മാണം സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് മുഖേനെയാണ് നടപ്പിലാക്കുന്നത്.