ഹൈദരാബാദ് ▪️പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ഇടക്കാല ജാമ്യം ലഭിച്ച നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി.
കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്.
അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ. ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ പൊലീസ് സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
റിമാന്‍ഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കാന്‍ വൈകിയിരുന്നു. ഇതോടെ ഇന്നലെ രാത്രി മുഴുവന്‍ അല്ലു അര്‍ജുന് ജയിലില്‍ തുടരേണ്ടിവരികയായിയുന്നു.
അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കിയെങ്കിലും അത് സ്വീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു ജാമ്യ നടപടികള്‍ ഇന്നത്തേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാവിലെ 11.45ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്നായിരുന്നു അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാലജാമ്യം അനുവദിച്ചത്. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ചലച്ചിത്ര താരമായല്ല, സാധാരണക്കാരനായി തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ട്. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ട്. എന്നാല്‍ കുറ്റം അല്ലു അര്‍ജുന് മേല്‍ മാത്രം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അല്ലു അര്‍ജുന്‍ സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.