വിദൂര സ്ഥലങ്ങളിലേക്കും വനാന്തര്‍ഭാഗങ്ങളിലേക്കും യാത്ര പോകുന്ന സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ പലപ്പോഴും വന്യമൃഗങ്ങളുടെ ദാരുണ മരണത്തിന് കാരണമാകുന്നു.
ചെറു പ്ലാസ്റ്റിക്കുകള്‍ മുതല്‍ പ്രകൃതിയില്‍ പെട്ടെന്ന് വിഘടിക്കാതെ കിടക്കുന്ന എല്ലാ വസ്തുക്കളും വന്യമൃഗങ്ങള്‍ക്ക് ഏറെ ദോഷകരമായി മാറുന്നു.
കഴിഞ്ഞ നവംബറില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഈ വിഷയത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. തല ഒരു ടിന്നിനുള്ളില്‍ കുടുങ്ങിപ്പോയ ഹിമാലയന്‍ ബ്രൌണ്‍ കരടിയെ രക്ഷപ്പെടുത്താനുള്ള ഇന്ത്യന്‍ സൈനികരുടെ ശ്രമങ്ങളായിരുന്നു അത്.
മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകള്‍ക്കിടെ ടിന്നിനുള്ളില്‍ തല കുടുങ്ങിയ ഹിമാലയന്‍ കരടിയെ പിടുകൂടാനുള്ള സൈനികരുടെ ശ്രമത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഹിമാലയത്തില്‍ എവിടെ വച്ചാണ് സംഭവമെന്ന് വീഡിയോയില്‍ ഇല്ല.
അതേസമയം സൈനികര്‍ ഏറെ പ്രയാസപ്പെട്ട് കരടിയെ കയറിട്ട് പിടികൂടുന്നത് വീഡിയോയില്‍ കാണാം. വീഡിയോയുടെ രണ്ടാം ഭാഗത്തില്‍ ഹിമാലയത്തിലെ താത്കാലിക സൈനിക ക്യാമ്പിന് സമാനമായൊരു സ്ഥലത്ത് തകര ഷീറ്റിട്ട് മറച്ച മുറിക്കുള്ളില്‍, കരടിക്ക് ചുറ്റും നില്‍ക്കുന്ന സൈനികരെ കാണാം.
ചിലര്‍ കരടിയെ കയറിട്ട് കുരുക്കിപ്പിടിച്ചിരിക്കുന്നു. ഇതിനിടെ ഒരു സൈനികന്‍ കട്ടര്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ കരടിയുടെ തല കുടുങ്ങിയ ടിന്‍ മുറിച്ച് മാറ്റാന്‍ ശ്രമിക്കുന്നു. ഏറെ ശ്രമത്തിന് ശേഷം കരടിക്ക് പരിക്കേല്‍ക്കാടെ ടിന്‍ ഊരിമാറ്റാന്‍ സൈനികര്‍ക്ക് കഴിഞ്ഞു.