ചെങ്ങന്നൂര്‍ ▪️സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ കെഎം ചെറിയാന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം.
വൃക്കഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി. ബാലചന്ദ്രകുമാര്‍.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസില്‍ വഴിത്തിരിവായത്. കേസില്‍ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്.
പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാര്‍. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്‍ന്നിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു.
നവംബര്‍ 11നാണ് ചെങ്ങന്നൂരിലെ കെ.എം ചെറിയാന്‍ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതാണ്. രണ്ട് ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറി ചെയ്തു. പിന്നീട് അണുബാധ ഉണ്ടായി.