വൈക്കം ▪️തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം.
തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.
സ്മാരകത്തില്‍ ഇരുനേതാക്കന്മാരും പുഷ്പാര്‍ച്ചന നടത്തി. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി.
തമിഴ്‌നാട്ടില്‍ നിന്നും ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ. വീരമണി തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുഗന്‍, ഇ.വി വേലു, എം.പി സ്വാമിനാഥന്‍, വിസികെ അധ്യക്ഷന്‍ തീരുമാവളവന്‍ എംപി, കേരള മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, സി.കെ ആശ എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
1985ല്‍ കേരള സര്‍ക്കാര്‍ വൈക്കം വലിയ കവലയില്‍ നല്‍കിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാര്‍ സ്മാരകം പണിയാന്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആര്‍ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലര്‍ വി.ആര്‍. നെടുഞ്ചെഴിയന്‍ തറക്കല്ലിട്ടു. 1994ല്‍ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നവീകരിച്ചത്.
പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.
വൈക്കം സത്യഗ്രഹത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാര്‍. ടി.കെ മാധവനും കെ.പി കേശവമേനോനും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫും അടക്കമുള്ള മുന്‍നിര നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്.