ബെംഗളൂരു ▪️മുന്‍ കേന്ദ്ര വിദേശ കാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ (93) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു.
2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുന്‍പ് 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2017ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
1962ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളര്‍ത്തുന്നതില്‍ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു.
ബ്രാന്‍ഡ് ബെംഗളുരുവിന്റെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്എം കൃഷ്ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കണ്‍ വാലിയും ടെക് നഗരവുമായി വളര്‍ത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സോഷ്യലിസ്റ്റായി തുടങ്ങി കോണ്‍ഗ്രസുകാരനായി ജീവിച്ച് ഒടുവില്‍ ബിജെപിയിലെത്തിയ ശേഷം വിരമിക്കല്‍.
ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂര്‍ത്തിയാക്കിയ എസ് എം കൃഷ്ണ സുരക്ഷിതമായ ഒരു ജോലി തെരഞ്ഞെടുക്കുന്നതിന് പകരം കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്.