കൊച്ചി ▪️കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു.
സിറിയയില്‍ ആഭ്യന്തര കലാപം നിര്‍ണായക ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ അങ്ങോട്ടാണ് ബാവായുടെ മടക്കം.
മടക്കയാത്രയ്ക്ക് മുന്നേ, തന്നെ മികച്ച രീതിയില്‍ സ്വീകരിച്ച കേരളത്തോട് ബാവ നന്ദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സ്‌നേഹം നിറഞ്ഞവരാണെന്നും എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും തനിക്ക് നല്ല സ്‌നേഹം ലഭിച്ചെന്നും ബാവാ പറഞ്ഞു.
എല്ലാവരെയും മനസ് തുറന്ന് സ്വീകരിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുതാ മനോഭാവം മികച്ചതാണെന്നും, ഇന്ത്യയിലെ ജനങ്ങള്‍ സഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ബാവാ കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ഇത്രയും വൈവിധ്യങ്ങള്‍ ഉള്ള ഇന്ത്യ സമാധാനത്തോടെ നിലനില്‍ക്കുന്നുവെന്നത് ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനമെന്നും ബാവാ മടങ്ങും മുന്‍പേ പറഞ്ഞു.
ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളോട് സിറിയയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ബാവാ ആവശ്യപ്പെട്ടു. ക്രിസ്തുമസ്, ന്യൂ ഇയര്‍ ആശംസകള്‍ കൂടി നേര്‍ന്നുകൊണ്ടാണ് ബാവ മടങ്ങിയത്.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഡിസംബര്‍ ഏഴിനാണ് കൊച്ചിയിലെത്തിയത്.
ദുബായില്‍ നിന്നു എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
17നായിരുന്നു ബാവ മടങ്ങേണ്ടിയിരിക്കുന്നത്. എന്നാല്‍ സിറിയയിലെ പ്രതിസന്ധികള്‍ മൂലം ബാവ നേരത്തെ മടങ്ങുകയായിരുന്നു.