ന്യൂഡല്‍ഹി ▪️ രാജ്യതലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. ലഹരിവിരുദ്ധ ഏജന്‍സി 900 കോടി രൂപയുടെ കൊക്കെയ്ന്‍ ഡല്‍ഹിയില്‍ നിന്ന് പിടികൂടി.
ഗുജറാത്തില്‍ നിന്നും 700 കിലോഗ്രാം മെത്താഫെറ്റമിന്‍ പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഈ ‘ഓപ്പറേഷന്‍’.
രാജ്യതലസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇത്. ഓപ്പറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
മാസങ്ങളായി ലഹരിവിരുദ്ധ ഏജന്‍സികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഒടുവിലാണ് ഈ പിടികൂടല്‍.
നേരത്തെ ഓഗസ്റ്റിലും മാര്‍ച്ചിലും സമാനമായ രീതിയില്‍ ഡല്‍ഹിയില്‍നിന്ന് വലിയ തുക വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ജനക്പുരി, നന്‍ഗോളി മേഖലകളില്‍ നിന്നാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്.
മേഖലയിലെ കൊറിയര്‍ കടകളില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഓസ്‌ട്രേലിയയിലേക്ക് കയറ്റിയയക്കാനുള്ള പാര്‍സല്‍ എന്ന വ്യാജേനയാണ് ഇവ സൂക്ഷിച്ചിരുന്നത്.
വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഒരു നെറ്റ് വര്‍ക്ക് ആണ് ഇവ കൈകാര്യം ചെയുന്നത് എന്നാണ് ഏജന്‍സിയുടെ നിഗമനം. കോഡ് പേരുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം അറിയപ്പെട്ടിരുന്നതെന്നും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.