🟨 ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു
കൊച്ചി ▪️ ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു.
മന്ത്രി വി. ശിവന്‍കുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികള്‍ നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ചൊവ്വാഴ്ച മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായി 39 ഇനങ്ങളില്‍ 29,000 മത്സരാര്‍ത്ഥികള്‍ മേളയുടെ ഭാഗമാകും.
സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത .എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പി.ആര് ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി.
ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പി.ആര് ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ നടന്നു. സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്.
ഗള്‍ഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഭിന്നശേഷി വിദ്യാര്‍ത്ഥികളും മേളയില്‍ പങ്കെടുക്കുന്നു എന്നതാണ് സ്കൂള്‍ ഒളിമ്പിക്സിന്റെ പ്രത്യേകത.