
▶️കോടതി പിഴ ബാധ്യതയായി: എംഎല്‍എ ഇടപെട്ട് അദാലത്തില്‍ പരിഹാരം
ചെങ്ങന്നൂര്‍ ▪️ ഭര്‍ത്താവിന്റെ കോടതി പിഴ ബാധ്യതയായി മാറിയ വീട്ടമ്മയ്ക്ക് എംഎല്‍എ ഇടപെട്ട് അദാലത്തില്‍ പരിഹാരം.
വീടിനും സ്ഥലത്തിനും നേരെ നിയമ നടപടി നേരിടുന്ന പുലിയൂര്‍ മൂലയുഴം ലക്ഷംവീട് കോളനിയില്‍ രാജേശ്വരിയുടെ പരാതിയാണ് അദാലത്തില്‍ സജി ചെറിയാന്‍ എംഎല്‍എ ഉടന്‍ പരിഹാരമുണ്ടാക്കിയത്.
രാജേശ്വരിയുടെ ഭര്‍ത്താവ് കുഞ്ഞുമോന്‍ തിരുവനന്തപുരം കോടതിയില്‍ 2006ല്‍ ജാമ്യം നിന്ന കേസ്സില്‍ പിഴ തുക അടയ്ക്കാതെ പ്രതിയായ ആള്‍ കൈമലര്‍ത്തി.
ഇയാള്‍ മുങ്ങിയതിനെ തുടര്‍ന്ന് പിഴ തുകയായ 25,000 രൂപ നല്‍കേണ്ട ബാധ്യത കുഞ്ഞുമോനിലായി. 2009ല്‍ കുഞ്ഞുമോന്‍ മരിച്ചുവെങ്കിലും കോടതി പിഴ ബാധ്യതയായി നിലനിന്നു. റവന്യൂ വകുപ്പില്‍ നിന്നും നിയമനടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് രാജേശ്വരി ഇന്ന് നടന്ന അദാലത്തില്‍ പരാതി നല്‍കിയത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട സജി ചെറിയാന്‍ എംഎല്‍എ പിഴ തുക കോടതിയില്‍ അടയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം അനുവദിക്കുകയായിരുന്നു.
▶️മകളുടെ നഴ്‌സിംഗ് പഠനത്തിന് ബാങ്ക് വായ്പ: അദാലത്തില്‍ പരിഹാരമായി
ചെങ്ങന്നൂര്‍ ▪️മകളുടെ നഴ്‌സിംഗ് പഠനത്തിന് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതിയില്‍ നടപടിയെടുത്ത് ജില്ലാ കളക്ടര്‍.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജില്‍ നടന്ന കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് പാണ്ടനാട് വടക്ക് ആഷ്‌ലി ഭവനില്‍ തങ്കമണിക്കും മകള്‍ക്കും അനുകൂല നടപടി ലഭിച്ചത്.
തങ്കമണിയുടെ മകള്‍ക്ക് ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജിലാണ് ബിഎസ്സി നഴ്‌സിങ്ങിന് പ്രവേശനം ലഭിച്ചത്. പഠന ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ വായ്പയ്ക്ക് വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു.
ഹയര്‍സെക്കന്‍ഡറിക്ക് 67% മാര്‍ക്കുള്ളതിനാല്‍ വിദ്യാഭ്യാസ ലോണ്‍ അനുവദിക്കാനാകില്ലയെന്നായിരുന്നു ബാങ്കിന്റെ നിലപാട്. തുടര്‍ന്നാണ് തങ്കമണി പരാതിയുമായി അദാലത്തിലെത്തിയത്. രണ്ടാഴ്ചയ്ക്കകം പരാതിക്കാരിക്ക് മറുപടി നല്‍കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സെന്‍ട്രല്‍ ബാങ്ക് കല്ലിശ്ശേരി ശാഖയ്ക്ക് കളക്ടര്‍ കൃഷ്ണ തേജ നിര്‍ദ്ദേശം നല്‍കി