മുംബൈ ▪️ വ്യവസായ പ്രമുഖന്‍ രത്തന്‍ നേവല്‍ ടാറ്റയ്ക്ക് രാജ്യം വിട നല്‍കി.
ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തില്‍ അടയാളപ്പെടുത്തിയവരിലൊരാളായ രത്തന്‍ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യ യാത്ര ഒരുക്കിയത്.
മുംബൈയിലെ വോര്‍ളി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മുതല്‍ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സ്)യിലെ പൊതുദര്‍ശനത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്, രാഷ്ട്രീയ നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ശരത് പവാര്‍, സുപ്രിയ സുലേ, ഉദ്ധവ് താക്കറേ, ഏക്‌നാഥ് ഷിന്‍ഡേ, ഭൂപേന്ദ്ര പട്ടേല്‍, പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യവസായികളായ മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി എന്നിവരും പങ്കെടുത്തു.
സിനിമാ വ്യവസായ രംഗത്തെ നിരവധി പ്രമുഖരും രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിച്ച് എന്‍സിപിഎയിലെത്തിയിരുന്നു. രത്തന്‍ ടാറ്റായുടെ വളര്‍ത്തു നായ ‘ഗോവ’യും പൊതുദര്‍ശന വേദിയിലെത്തി. മുംബൈയിലും ഗുജറാത്തിലും ഇന്ന് ദുഖാചരണമാണ്.
അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെയാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായിയാണ് രത്തന്‍ ടാറ്റ.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പര്‍ശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്ത വിശേഷണങ്ങളുള്ള അതികായനാണ് വിട പറഞ്ഞിരിക്കുന്നത്.