ശ്രീനഗര്‍ ▪️ ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണി അധികാരത്തിലെത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള.
ഇക്കുറി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഇന്ത്യ മുന്നണിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ പിഡിപി ആഗ്രഹിക്കുന്നുണ്ട്.
എല്ലാവരുടേയും പിന്തുണ സ്വാ?ഗതം ചെയ്യുന്നുവെന്നും സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന് ഇപ്പോള്‍ പറയാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. വരുന്ന സര്‍ക്കാരിന് മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ട്. തൊഴിലില്ലായ്മയും വികസനമുരടിപ്പും പരിഹരിക്കണമെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്യാനുള്ള കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. എംഎല്‍എമാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്യാനാകില്ല.
ഗവര്‍ണര്‍ ഡല്‍ഹിയുടെ പ്രതിനിധിയാണ്. അദ്ദേഹത്തിന് എംഎല്‍എമാരെ നോമിനേറ്റ് ചെയ്യാന്‍ അധികാരമില്ല. നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്‌നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് സര്‍വേകളുടെ പ്രവചനം. കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് 30നും 45നും ഇടയില്‍ സീറ്റുകള്‍ ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു.