ചെങ്ങന്നൂര്‍ ▪️ ഗവ.ഐടിഐ എന്‍എസ്എസ് യൂണിറ്റിന് സാമൂഹ്യ നീതി വകുപ്പിന്റെ പുരസ്‌കാരം.
വി കെയര്‍ പദ്ധതിയിലൂടെയുള്ള ഫണ്ട് സമാഹരണ ക്യാമ്പയിനില്‍ 2022-2023 വര്‍ഷത്തില്‍ ഏറ്റവും മികച്ച പങ്കാളിത്തം വഹിച്ച എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരമാണ് എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ (കെഎസ്എസ്എം) അഗതികള്‍, ദരിദ്രര്‍, വൃദ്ധര്‍, കുട്ടികള്‍, സ്ത്രീകള്‍, നിത്യരോഗികളായ കാന്‍സര്‍ രോഗികള്‍, മറ്റ് ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് സേവനവും പിന്തുണയും നല്‍കുന്നതാണ് വി കെയര്‍ പദ്ധതി.
കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു വിതരണം ചെയ്ത പുരസ്‌കാരം ഐടിഐ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ആര്‍. വരുണ്‍ ലാല്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ കൃജ .ആര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
എന്‍എസ്എസ് യൂണിറ്റുകള്‍ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡയറക്ടറേറ്റുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരം വ്യവസായിക പരിശീലന വകുപ്പിന് വേണ്ടി എന്‍എസ്എസ് കോഡിനേറ്റര്‍ വാസുദേവന്‍ പി (ജോയിന്റ് ഡയറക്ടര്‍, കണ്ണൂര്‍ റീജണല്‍ ഡയറക്ടറേറ്റ് ), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒ. ദിനേശന്‍ ഐഎഎസ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.