ചെങ്ങന്നൂര്‍ ▪️ 100 കോടി രൂപ ചിലവഴിച്ചു അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2025 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും.
1943ല്‍ പ്രവര്‍ത്തനം ആരംഭിച്ച പഴയ ആശുപത്രി കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായതതോടെ മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മാണം ആരംഭിച്ചത്.
രണ്ടര ഏക്കര്‍ സ്ഥലത്തിനുള്ളില്‍ ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ജില്ല ആശുപത്രിയില്‍ മുന്നൂറു കിടക്കകളാണ് ഒരുക്കുക.
സോളാര്‍ സംവിധാനവും സജ്ജമാക്കും ഓരോ വിഭാഗത്തിനും അത്യാധുനിക മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളാണ് സജ്ജമാക്കുക. മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങാനും തീരുമാനിച്ചു.
ജില്ല ആശുപത്രിയേയും മാതൃ ശിശു ആശുപത്രിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചെയ്യുന്ന റാമ്പിന് മേല്‍ക്കൂര നിര്‍മിക്കും. ഓഫീസ് റൂം പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തും.
കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഒന്നും രണ്ടും മൂന്നും നിലകളുടെ പ്ലാസ്റ്ററിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് വെള്ളപൂശി. തറയോടുകള്‍, അഗ്‌നിശമന സംവിധാനം, ലിഫ്റ്റ്, ഗ്ലാസ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
നിര്‍വഹണ ഏജന്‍സിയായ വാസ്‌കോസിന്റെ മേല്‍നോട്ടത്തില്‍ ഹെതര്‍ കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് നിര്‍മാണം നടത്തിവരുന്നത്
കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതിയും അനുബന്ധ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതും മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം യോഗം ചേര്‍ന്നു വിലയിരുത്തി.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ വലിയ ജില്ല ആശുപത്രികളില്‍ ഒന്നായി ചെങ്ങന്നൂര്‍ ആശുപത്രി മാറും.